ഇടവേളക്കുശേഷം സിനിമയുടെ തിരക്കിൽ തിരിച്ചെത്തിയ ഗീത ‘നവംബർ റെയ്‌ൻ’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കുന്നു. ലാലു അലക്‌സിന്റെ ഭാര്യയും പുതുമുഖ നായകൻ അരുണിന്റെ അമ്മയുമായാണ് ഗീത ഈ ചിത്രത്തിൽ എത്തുന്നത്. വിവാഹത്തെ തുടർന്ന് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഗീത തുളസീദാസിന്റെ ‘മേലേവാര്യത്തെ മാലാഖക്കുട്ടികൾ’ എന്ന ചിത്രത്തിൽ അമ്മ റോൾ ചെയ്‌താണ് മലയാളത്തിൽ തിരിച്ചെത്തിയത്. നിരവധി അംഗീകാരങ്ങൾ നേടിയ ‘അമേരിക്കൻ ഡ്രീംസ്’ എന്ന ടെലിസീരിയലിലും ഗീതക്ക് അമ്മവേഷം തന്നെയായിരുന്നു.
‘ഗ്രീറ്റിംഗ്‌സി’ൽ അഡ്വക്കേറ്റായി രംഗത്തെത്തിയെങ്കിലും ചിത്രത്തിന്റെ പരാജയം തിരിച്ചടിയായി. ശ്രദ്ധേയ പ്രകടനം കാഴ്‌ചവെച്ച ‘ശംഭു’ ഇനിയും തിയേറ്ററുകളിൽ എത്തിയിട്ടില്ല.
മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിൽ സജീവമായിക്കഴിഞ്ഞാണ് ഈ തമിഴ് സുന്ദരി മലയാളത്തിൽ എത്തുന്നത്. ‘പഞ്ചാഗ്നി’യിലെ എം.ടി കഥാപാത്രം ഇന്ദിരയെ അനശ്വരയാക്കിയതോടെ ഒന്നാംനിര നായികയായുർന്ന ഗീത തുടർന്ന് സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി. ‘ഒരു വടക്കൻ വീരഗാഥ’യിലെ പ്രകടനത്തിലൂടെ സംസ്ഥാന അവാർഡും കരസ്ഥമാക്കി. ഋതുഭേദം, ആധാരം എന്നീ ചിത്രങ്ങളിലും ഗീത മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്.
ഭർത്താവിനും മകനും ഒപ്പം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഗീത ചില തമിഴ് സീരിയലുകളിലും അഭിനയിക്കുന്നുണ്ട്.
Generated from archived content: cinema1_apr7.html Author: cini_vision