ചെറിയ കാലയളവിനുള്ളിൽ തമിഴകത്തെ ഒട്ടുമിക്ക യുവനായകർക്കൊപ്പം അണിനിരന്ന ഭാവനയ്‌ക്ക് തിരക്കേറുന്നു. തിരക്കുമൂലം മാധവന്റെയും ജീവയുടെയും ജോഡിയായി ഒരേ സമയം രണ്ടു തമിഴ് സിനിമകളിൽ മലയാളി സുന്ദരി സഹകരിക്കുകയാണ്. ശെൽവ സംവിധാനം ചെയ്യുന്ന ‘വാഴ്‌ത്തുക്കളിൽ’ സമ്പന്നകുടുംബത്തിലെ ഇളമുറക്കാരിയായി ഭാവന വേഷമിടുന്നു. മാധവനൊപ്പം രണ്ടാം വട്ടമാണ് ഭാവന ജോഡി ചേരുന്നത്.
ജീവ-ഭാവന ജോഡി ഒന്നിക്കുന്ന ‘രാമേശ്വരം’ ശ്രീലങ്കൻ തീവ്രവാദികളുടെ ജീവിതം അനാവരണം ചെയ്യുന്ന സിനിമയാണ്. സീമാൻ സംവിധാനം ചെയ്യുന്ന സിനിമയിൽ വസന്തി എന്ന തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെ യുവനായിക ഉൾക്കൊള്ളുന്നു. രാമേശ്വരത്തെത്തുന്ന ശ്രീലങ്കൻ തീവ്രവാദിയുടെ റോളാണ് ജീവയ്‌ക്ക്.
നീണ്ട ഇടവേളയ്‌ക്കുശേഷം മാതൃഭാഷയിൽ സഹകരിച്ച ‘ഛോട്ടാ മുംബൈ’ വൻവിജയമായാലും ഭാവന അടുത്തെങ്ങും മലയാളത്തിൽ അഭിനയിക്കില്ലെന്നാണ് സൂചനകൾ. ഇതിനകം തമിഴ് പ്രേക്ഷകരുടെ പ്രിയ നായികയായി മാറിക്കഴിഞ്ഞ ഈ തൃശൂർക്കാരിയെ സൂപ്പർതാരങ്ങൾ തങ്ങളുടെ പുതിയ ചിത്രങ്ങളിലേക്ക് വീണ്ടും വീണ്ടും ശുപാർശ ചെയ്യുകയാണത്രേ. ഗോസിപ്പ് കോളങ്ങളിൽ ഇടംതേടാതെ ക്ലീൻ ഇമേജ് കാത്തുസൂക്ഷിക്കുന്നതാണ് ഭാവനയ്‌ക്ക് അനുഗ്രഹമായി ഭവിച്ചത്.
Generated from archived content: cinema1_apr27_07.html Author: cini_vision