ഡെന്നീസ് ജോസഫ് രചന നിർവഹിക്കുന്ന സസ്‌പെൻസ് ത്രില്ലറിൽ ജ്യോതിർമയിയും നിഖിതയും സുഹൃത്തുക്കളായി അഭിനയിക്കുന്നു. ജ്യോതിർമയി അവതരിപ്പിക്കുന്ന അപർണ എന്ന കഥാപാത്രത്തിന്റെ ദുരൂഹമരണത്തോടെയാണ് ‘ദൈവത്തിന്റെ കയ്യൊപ്പ്’ തുടങ്ങുന്നത്. നഗരത്തിലെ ഫൈവ്‌സ്‌റ്റാർ ആശുപത്രിയിലൊന്നായ ശങ്കേഴ്‌സ് ഹോസ്‌പിറ്റലിലെ ഡോക്‌ടറായ അപർണ ഹൃദയസ്‌തംഭനം മൂലം മരണപ്പെട്ടുവെന്നായിരുന്നു ആദ്യനിഗമനം. ഈ ഘട്ടത്തിലാണ് സിറ്റി പോലീസ് സൂപ്രണ്ട് ജേക്കബ് ജോർജിന് അജ്ഞാത ഇ-മെയിൽ സന്ദേശം ലഭിക്കുന്നത്. തുടർന്നുളള ഉദ്വേഗജനകമായ അന്വേഷണങ്ങളാണ് ഈ ചിത്രത്തെ സംഭവബഹുലമാക്കുന്നത്.
ശ്രീനിവാസനാണ് സിറ്റി പോലീസ് സൂപ്രണ്ട് ജേക്കബ് ജോർജായി രംഗത്തെത്തുന്നത്. അപർണയുടെ ഭർത്താവ് ഡോ.വേണുഗോപാലിനെ സായികുമാർ അവതരിപ്പിക്കുമ്പോൾ അപർണയുടെ സുഹൃത്ത് ഡോ.മല്ലികയാകുന്നത് നിഖിതയാണ്. മല്ലികയുടെ ഭർത്താവ് അഡ്വ.ആനന്ദ് ഇന്ദ്രജിത്താണ്. സംഗീത സംവിധായകൻ തൃപ്രയാർ മാധവനായി മുകേഷും മെഡിക്കൽ റെപ്രസെന്റേറ്റീവ് തങ്കപ്പൻ പിളളയായി ജഗതി ശ്രീകുമാറും വേഷമിടുന്നു. ക്യാപ്‌റ്റർ രാജു, സലിംകുമാർ, സാജു കൊടിയൻ എന്നിവരും താരനിരയിലുണ്ട്.
കെ.കെ. സുധാകരന്റെ ‘രേഖയില്ലാത്തത്’ എന്ന ചെറുകഥയാണ് സിനിമക്കാധാരം. ഒ.എൻ.വിയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് നവാഗതനായ സബീഷ് ജോർജാണ്. എസ്.കെ.ഫിലിംസിന്റെ ബാനറിൽ ‘ദൈവത്തിന്റെ കയ്യൊപ്പ്’ സംവിധാനം ചെയ്യുന്നത് വി.എം.മനുവാണ്.
Generated from archived content: cinema1_apr20_06.html Author: cini_vision