നെറ്റി നിറഞ്ഞു നിൽക്കുന്ന കുങ്കുമപ്പൊട്ട് ശരീരം നിറയെ ആഭരണങ്ങൾ, മെടഞ്ഞമുടിയിൽ പൂമാല, പട്ടുസാരി…പോപ്പ് ഗായിക ഉഷാ ഉതുപ്പിനെ ഇവയുടെ അകമ്പടിയില്ലാതെ കാണുക അസാദ്ധ്യം തന്നെ എന്നു കരുതിയിരുന്നവർക്ക് തെറ്റി. ചട്ടയും മുണ്ടും ഉടുത്ത് കാതിൽ മേക്കാമോതിരവും അണിഞ്ഞ് ഉഷ എത്തുകയാണ്, മലയാളി പ്രേക്ഷകർക്കു മുന്നിൽ. ‘പോത്തൻവാവ’ എന്ന ജോഷി ചിത്രത്തിനുവേണ്ടി തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം സൃഷ്‌ടിച്ച ‘വക്കീലമ്മ’ എന്ന ശക്തമായ കഥാപാത്രമാകാനാണ് ഗായിക രൂപഭാവങ്ങൾ മാറുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ടൈറ്റിൽ കഥാപാത്രം ‘പോത്തൻവാവ’യുടെ അമ്മയാണ് ആജ്ഞാശക്തിയുളള വക്കീലമ്മ.
താൻപ്രമാണിത്തമുളള ഈ കഥാപാത്രത്തിന്റെ മാനറിസങ്ങൾ ഉൾക്കൊളളാനുളള ശ്രമങ്ങളും പോപ്പ് ഗായിക ആരംഭിച്ചു കഴിഞ്ഞു. സംഗീത പരിപാടികൾക്കിടെ സമയം കണ്ടെത്തി ഷൂട്ടിംഗിൽ സഹകരിക്കാമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിക്കുന്ന പോത്തൻവാവയുടെ ചിത്രീകരണം ജൂലൈ ആദ്യം കൊച്ചിയിൽ നടക്കും.
നിലവിലുളള സ്വഭാവനടിമാർ വക്കീലമ്മയായി എത്തുന്നതിനേക്കാൾ ഇരട്ടി സ്‌ക്രീൻ പ്രസൻസ് ഉഷാ ഉതുപ്പിന് സൃഷ്‌ടിക്കാനാകുമെന്ന കാര്യത്തിൽ അണിയറ പ്രവർത്തകർക്കാർക്കും സംശയമില്ല.
‘ദം മാരോ ദം…’ ‘പീതാംബര ഓ കൃഷ്‌ണാ…’ തുടങ്ങി പിന്നണി പാടിയ ചിത്രങ്ങളൊക്കെ ശ്രദ്ധേയമാക്കിയ മലയാളത്തിന്റെ ‘വളർത്തു മകളുടെ’ ആൽബങ്ങളെല്ലാം മലയാളിക്ക് മനഃപാഠമാണ്. ‘എന്റെ കേരളം എത്ര സുന്ദരം….’ കാറ്റോടും കടലോരം…‘ എന്നിവ ഹിറ്റാണ്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്‌ത ’ദൈവത്തിന്റെ വികൃതി‘കളിൽ ശ്രീവിദ്യക്കുവേണ്ടി പാടിയ ’ഞാൻ ഈ രാത്രിയെ….‘ ആലാപന മികവുകൊണ്ട് കൂട്ടത്തിൽ വ്യത്യസ്‌തമായിരുന്നു.
Generated from archived content: cinema1_apr05_06.html Author: cini_vision