നമ്മൾ

എത്രതന്നെ ഒതുക്കി പറയാവുന്ന കാമ്പുളള പ്രമേയമാണെങ്കിലും ശരി കച്ചവടക്കണ്ണുകളുടെ കാഴ്‌ചപ്പുറങ്ങളിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കാൻ മുഖ്യധാരാ സിനിമയ്‌ക്കായാലും, മധ്യവർത്തി സിനിമയ്‌ക്കായാലും കഴിയില്ലെന്ന്‌ പുതിയ ചിത്രമായ നമ്മൾ സാക്ഷ്യപ്പെടുത്തുന്നു. മലയാള സിനിമാപ്രേക്ഷകർക്ക്‌ സംവേദനത്തിന്റെ പുത്തൻമേച്ചിൽപ്പുറങ്ങൾ പരിചയപ്പെടുത്തിയ നിരവധി നല്ല ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രതിഭാധനനായ ചലച്ചിത്രകാരനാണ്‌ കമൽ. പ്രണയത്തിന്റെ നനുത്ത ഭാവങ്ങളെ തീർത്തും വ്യത്യസ്തമായ പശ്‌ചാത്തലത്തിൽ അവതരിപ്പിച്ച മേഘമൽഹാർ എന്ന ചിത്രത്തിനുശേഷം പുതുമുഖങ്ങൾക്ക്‌ പ്രാധാന്യം നൽകി കമൽ അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ്‌ ഡേവിഡ്‌ കാച്ചപ്പിളളി നിർമ്മിച്ച ‘നമ്മൾ’. കാമ്പസ്സ്‌ ചിത്രമെന്ന ലേബലിൽ പുറത്തിറങ്ങിയ നമ്മൾ ആരംഭിക്കുന്നത്‌ പ്രേക്ഷകർക്ക്‌ ഏറെ പ്രതീക്ഷകൾ സമ്മാനിച്ചുകൊണ്ട്‌ തീർത്തും വ്യത്യസ്തമായ ഒരു പശ്‌ചാത്തലത്തിലാണ്‌. ബാലമുരളീകൃഷ്‌ണയുടെ കഥയ്‌ക്ക്‌ കലവൂർ രവികുമാർ ഒരുക്കിയ തിരക്കഥയിൽ വിരസമാകാത്ത ആഖ്യാനശൈലിയും, സ്വാഭാവികമായ ഒഴുക്കുമുണ്ട്‌.

അവധിക്കാലത്ത്‌ ദൂരദേശങ്ങളിൽ പണിയെടുത്ത്‌ പണമുണ്ടാക്കിയാണ്‌ ശ്യാമും (സിദ്ധാർത്ഥൻ), ശിവനും (ജിഷ്‌ണു) കോളേജിലേക്കാവശ്യമായ പുസ്തകങ്ങളും, ഡ്രസ്സും മറ്റും വാങ്ങുന്നത്‌. റയിൽവേ സ്‌റ്റേഷൻ കോളനിയിൽ താമസിക്കുന്ന അനാഥരായ അവർ കോളേജിൽ കൂട്ടുകാരുടെ ഇടയിൽ വലിയ പണക്കാരുടെ മക്കളാണ്‌. അവരുടെ ഈ കളളത്തരങ്ങൾക്ക്‌ കൂട്ടുനിൽക്കുന്നത്‌ കോളേജിലെ സുഹൃത്തായ നൂലുണ്ട എന്നറിയപ്പെടുന്ന ജോജോതോമസാണ്‌ (വിജീഷ്‌). കോളേജിലെ എല്ലാ അടിച്ചുപൊളികൾക്കും മുൻപന്തിയിലുളള ശ്യാമിനേയും ശിവനേയും അവിടുത്തെ അദ്ധ്യാപകർക്കും, സുഹൃത്തുക്കൾക്കും ഏറെ ഇഷ്‌ടമാണ്‌. കോളേജിലേക്ക്‌ സ്ഥലം മാറി എത്തുന്ന പുതിയ പ്രിൻസിപ്പാൾ സ്‌നേഹലതയുടേയും (സുഹാസിനി) അവരുടെ കൂട്ടുകാരിയുടെ മകൾ അപർണ്ണയുടേയും (രേണുക) വരവ്‌ ശ്യാമിന്റെയും ശിവന്റെയും ജീവിതത്തിൽ ഒരുപാട്‌ മാറ്റങ്ങൾക്ക്‌ കാരണമാകുന്നു. തങ്ങളിൽ ആരോ ഒരാൾ പ്രിൻസിപ്പാൾ സ്‌നേഹലതയുടെ വർഷങ്ങൾക്കുമുൻപ്‌ നഷ്‌ടപ്പെട്ടുപോയ മകനാണെന്ന്‌ തങ്ങളെ വളർത്തിയ സത്യനാഥൻസാറിൽനിന്ന്‌ ശ്യാമും, ശിവനും അറിയുന്നു.

തമിഴ്‌നാട്ടിലെ ഒരു കൺസ്‌ട്രക്ഷൻ സൈറ്റിൽ സിമന്റുചാക്കുകൾ ചുമക്കുന്ന ശ്യാമിലും ശിവനിലും തുടങ്ങി കാല്പനികമായ രീതിയിൽ കാമ്പസ്സിലെ നിറപകിട്ടുകൾ അതിന്റെ സ്വാഭാവികതയും, സൗന്ദര്യവും ചോർന്നുപോകാതെ തീർത്തും ഭംഗിയായി ചിത്രീകരിച്ച ആദ്യപകുതിയിൽനിന്ന്‌ ചിത്രത്തിന്റെ രണ്ടാം പകുതിയിലേക്ക്‌ കടക്കുമ്പോൾ നാലാംകിട മിമിക്രി സിനിമകളിൽ കണ്ടു പഴകിയ അതിഭാവുകത്വം നിറഞ്ഞ അന്തർനാടകങ്ങൾ ചിത്രീകരിക്കാൻ കമലിനെ പ്രേരിപ്പിച്ച ഘടകം എന്താണ്‌. പോപ്പുലർ സിനിമയിലെ ഒത്തുതീർപ്പ്‌ വ്യവസ്ഥകളാണോ കമൽ എന്ന സംവിധായകനെ ഭരിക്കുന്നത്‌. ഏതെങ്കിലും പ്രത്യേകതരം പ്രേക്ഷകരെ ഉദ്ദേശിച്ച്‌ നിർമ്മിക്കപ്പെടുന്ന ഇത്തരം മെലോഡ്രാമകൾ ആവർത്തനവിരസമായ കച്ചവട സിനിമകളുടെ തുടർച്ചയാക്കുകയാണ്‌ ഈ ചിത്രത്തേയും. സത്യനാഥൻമാഷ്‌ (ബാലചന്ദ്രമേനോൻ), സ്‌നേഹലത, ശിവൻ, ശ്യാം തുടങ്ങിയ കഥാപാത്രങ്ങളുടെ സൃഷ്‌ടിയിലെ വ്യക്തതയും, അവരെ തമ്മിൽ കൂട്ടിയിണക്കുന്ന കഥാതന്തുവിലെ വളർച്ചയേയും മികച്ചതാക്കുമ്പോൾ തന്നെ സ്‌നേഹലതയുടെ മകനായ ശ്യാമിന്‌ പണക്കാരിയും, വിദ്യാസമ്പന്നയുമായ അപർണ്ണയേയും, തെരുവിലെ പുത്രനായ ശിവന്‌ തെരുവിലെ പെണ്ണായ പരിമളത്തേയും നൽകി പ്രേക്ഷകർക്ക്‌ മോഹമുക്തി സമ്മാനിച്ചുകൊണ്ട്‌ തിരക്കഥയെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു തിരക്കഥാകാരൻ. പുതുമുഖങ്ങളുടെ പരാധീനതകളൊന്നുമില്ലാതെ അഭിനയിക്കാൻ ഇതിലെ നടൻമാർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ജിഷ്‌ണുവിന്റെ ശിവനും, ഭാവനയുടെ പരിമളവും, വിജീഷിന്റെ നൂലുണ്ടയും പ്രത്യേക പരാമർശം അർഹിക്കുന്നു. ബാലചന്ദ്രമേനോനിലെ നടനെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ കമലിന്‌ കഴിഞ്ഞിട്ടുണ്ട്‌.

ഗാനരംഗങ്ങൾ മികച്ചരീതിയിൽ ചിത്രീകരിക്കാൻ വേണുഗോപാലിന്റെ ക്യാമറ കമലിന്‌ ഒരു മുതൽക്കൂട്ടാവുന്നു. കൈതപ്രം രചിച്ച്‌ മോഹൻസിത്താര സംഗീതം നൽകിയ “എന്നമ്മേ. . .ഒരു നോക്കുകാണാൻ, എന്ത്‌ രസമാണീ നിലാവ്‌. . . ‘ തുടങ്ങിയ ഗാനങ്ങൾ മനസ്സിൽ തങ്ങിനിൽക്കുന്നവ തന്നെയാണ്‌.

Generated from archived content: cinema_jan29.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here