ജീവിതത്തിന്റെ ആന്തരിക സംഘർഷങ്ങളുടെ അതിനിഗൂഢവഴികളിലൂടെയാണ് ശ്യാമപ്രസാദ് എന്നും തന്റെ സിനിമാക്കാഴ്‌ചകൾ തേടുക. ‘അകലെ’യും ഇതിനപവാദമല്ല. മറിച്ച് തന്റെ വിചാരങ്ങളെ കൂടുതൽ ആഴത്തിൽ പതിപ്പിക്കുകയാണ് ശ്യാമപ്രസാദ് ഈ ചിത്രത്തിലൂടെ. വിശ്വപ്രസിദ്ധ അമേരിക്കൻ നാടകകൃത്തായ ടെന്നീസ് വില്യംസിന്റെ ‘ഗ്ലാസ് മെനാജി’ എന്ന നാടകത്തെ അവലംബമാക്കിയാണ് ശ്യാമപ്രസാദ് അകലെ ഒരുക്കിയിരിക്കുന്നത്. ദൂരം എന്ന പ്രമേയത്തെ വ്യത്യസ്‌തമായ രീതിയിലൂടെ അവതരിപ്പിച്ച ഈ നാടകത്തിന്റെ അടിത്തറയിളക്കാതെയാണ് സംവിധായകനായ ശ്യാമപ്രസാദ് തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രധാനമായും നാലു കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന ശ്യാമപ്രസാദ് ഈ സിനിമയിൽ മഴയുടെ സാന്നിധ്യത്തെ ഓരോ സന്ദർഭത്തിലും തികച്ചും വ്യതിരിക്തമായ സൂചനകളാക്കി അവതരിപ്പിക്കുന്നു. മഴ ആദ്യം ഭീതിയായും പിന്നെ പ്രതീക്ഷയായും ഒടുവിൽ ശാന്തമായ ഒടുക്കമായും ഈ ചിത്രത്തിലൂടെ പ്രതിഫലിക്കുന്നു.
അന്തർസംഘർഷങ്ങളുടെ ആരവമായി മാറുന്ന ഈ സിനിമ ഓരോരുത്തർക്കും തനിക്കുനേരെ പിടിച്ച കണ്ണാടിയായി അനുഭവപ്പെടുന്നത് ശ്യാമപ്രസാദിന്റെ സൂക്ഷ്‌മമായ കഥപറച്ചിലിന്റെ പാടവവും, ഓരോ മനുഷ്യനും ഏതു നിമിഷവും ആഗ്രഹിക്കുന്ന ആർദ്രത, കരുണ, സ്‌നേഹം എന്നിവയ്‌ക്കുളള ഒരു വിലാപവുമാണ് ഈ സിനിമ എന്നതിനാലാണ്.
ഷീലയും പൃഥ്വിരാജും ഗീതുമോഹൻദാസും ടോംജോർജും മത്സരിച്ചഭിനയിച്ച് നമ്മെ ഈ സിനിമയോട് ഏറെ അടുപ്പിക്കുന്നുണ്ട്. മലയാളികൾക്ക് അഭിമാനിക്കാൻ എസ്.കുമാറെന്ന ഛായാഗ്രാഹകൻ സാന്നിധ്യമറിയിക്കുകയും ചെയ്യുന്നുണ്ട്. നല്ല സിനിമ തേടിയുളള യാത്രകൾക്കിടയിൽ ‘അകലെ’യെപ്പോലെ ചിലത് മനസ്സിൽ തങ്ങിനില്‌ക്കുന്നത് മലയാളികളുടെ ഭാഗ്യങ്ങളിലൊന്നാണ്.
Generated from archived content: cinema1_june17.html
Click this button or press Ctrl+G to toggle between Malayalam and English