ലഞ്ചു സമയം ആയതുകൊണ്ടാവണം ഫുഡ്കോര്‍ട്ടില്‍ നല്ല തിരക്കായിരുന്നു. പല നിറങ്ങളാല്‍ പ്രഭാവമായ വില്‍പ്പന കവാടങ്ങളില്‍ നിന്നും പല നിറക്കാര്‍ നിരനിരയായി ഇഷ്ടാഹരങ്ങള്‍ വാങ്ങി രുചിയിലമര്‍ന്നു. കൊതിപ്പിക്കുന്ന മണം വായുവിലൂടെ ഒഴുകി നടന്നു. ചുറ്റും മനുഷ്യ ശബ്ദങ്ങള്‍ കൊലുസിട്ട് നൃത്തമാടി.
എന്താണ് ഈ മനുഷ്യരൊക്കേ പറഞ്ഞു കൂട്ടുന്നത് ?
തീറ്റയെ പറ്റിയോ? അതോ രുചിയോ അതുമല്ലെങ്കില്‍ അരുചിയോ?
അടുത്ത ടേബിളില്‍ മുഖാമുഖം ഇരുന്നു സൂപ്പ് കഴിക്കുന്ന വൃദ്ധരായ ചൈനീസ് ദമ്പതികളുടെ ചലനദൃശ്യങ്ങള്‍ എന്‍റെ കണ്ണിന്‍റെ ഓട്ടോ ഫോക്കസില്‍ കടന്നു കയറിയത് പെട്ടെന്നാണ്. അവര്‍ക്കിടയില്‍ മൗനം രൂക്ഷമായി വളര്‍ന്നു നിന്നു. പരസ്പരം ഒരു ചിരിയോ നോട്ടമോ ഉണ്ടായില്ല. വാര്‍ധക്യം ശരീരത്തെ മാത്രമല്ല, മനസ്സിന്‍റെയും നീര് വറ്റിക്കും.
വൃദ്ധന്‍റെ ശുഷ്ക്കിച്ച വിരലുകള്‍ക്കിടയില്‍ ഇരുന്നു ചോപ്സ്ടിക്ക്സ് നൂടില്‍സിനെ കൃത്യമായി വഴികാട്ടി
വായിലെത്തിച്ചുകൊണ്ടിരുന്നു. വരയാടുകള്‍ നീര്‍ത്തോടുകളില്‍നിന്നും കുടിക്കുന്നപോലെ വൃദ്ധ ബോളിലേക്ക് തല കുനിച്ചിരുന്നു സൂപ്പ് നുകര്‍ന്നു. ങ്ങാ….കൊള്ളം,
എനിക്ക് ബ്ലോഗില്‍ എഴുതാന്‍ ഒരു വിഷയം കിട്ടി. പറഞ്ഞു തീര്‍ന്ന ദാമ്പത്യം എന്നോ മറ്റോ ടൈറ്റില്‍ കൊടുക്കാം.
ഒന്ന് കൂടി ഞാന്‍ അവരെ നോക്കി ഉറപ്പു വരുത്തി.
ഇല്ല!
അവര്‍ ഇരുവരും പരസ്പരം ഉരിയാടുന്നില്ല.
ബ്ലോഗില്‍ എഴുതേണ്ട വാക്കുകള്‍ എന്‍റെ മനസിലേക്ക് തെന്നി വീണുകൊണ്ടിരുന്നു, ആദ്യമഴ കൊണ്ടുവരുന്ന ആലിപ്പഴം പോലെ. വിവാഹത്തിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ട ആധുനികോത്തര സംസ്കാരത്തിന്‍റെ ത്വാത്തിക നിലപാടുകളില്‍ ഒരു നിലാവെളിച്ചമയിരിക്കും എന്‍റെ ലേഖനം.
പെട്ടെന്നാണ് എന്‍റെ വിചാരങ്ങള്‍ ഒരുക്കിയ തീന്‍മേശയിലേക്ക് ഐറിഷ്ബെറിയുടെ പാനീയം മറിഞ്ഞു വീണത്.
അല്ല,
അവള്‍ മറിച്ചിട്ടതാണ് !
എന്നിക്കഭിമുഖം എന്‍റെ മുഖം നോക്കി ഇരുന്നിരുന്ന വൈഫാണ് പാനീയം തട്ടിയിട്ടത് !
അവളുടെ കണ്ണില്‍ പക നീറിനിന്നു. അടുത്തിരിക്കുന്ന അഞ്ചു വയസുകാരന്‍ മകന്‍ ഫ്രെഞ്ച്ഫ്രൈസ് കഴിക്കുന്നു.
അവന്‍റെ കണ്ണുകള്‍ ഐഫോണിലെ ഗൈമില്‍ ചാഞ്ചാടികൊണ്ടിരുന്നു.
വൈ ഡിഡ് യു ത്രോ ദ ജൂസ്?
എന്‍റെ വിചാരങ്ങളെ നനച്ചുകളഞ്ഞതില്‍ എനിക്ക് ദേഷ്യം വന്നു.
അവളിലെ സ്ത്രീ ശാക്തീകരണ രാസത്വരകങ്ങള്‍ പതഞ്ഞു പൊങ്ങി.
അവള്‍ പറഞ്ഞു:
ഇനി നിന്‍റെ കൂടെ പുറത്തു പോകാന്‍ ഞാന്‍ വരില്ല !
എന്‍റെ ഫ്രെണ്ട്സിന്‍റെകൂടെ പുറത്തു പോയാല്‍ മനസ്സ് തുറന്നു ചിരിക്കാനും പറയാനും പറ്റും.
അവള്‍ എന്നോട് പിണങ്ങി എഴുന്നേറ്റു. തവിട്ടു നിറത്തിലുള്ള ഗൂച്ചി ബാഗുമെടുത്ത് റസ്റ്റ്‌റൂമിലേക്ക് നടന്നകലുന്ന പിന്‍ കാഴ്ചയില്‍ എന്‍റെ നോട്ടത്തിന്‍റെ ഫോക്കസ് ചൈനീസ് ദമ്പതികളുടെ ചിത്രം ക്ലോസപ്പില്‍ ഒപ്പിയെടുത്തു. എന്‍റെ വിചാരങ്ങളുടെ ഗതിവിഗതികളെ കാറ്റില്‍ പറത്തി അവര്‍ എന്തോ നേരം പോക്ക് പറഞ്ഞു കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു. വാര്‍ധക്യം വരകള്‍ വീഴ്ത്തിയ മുഖങ്ങളില്‍ സന്തോഷത്തിന്‍റെ വസന്തഭംഗികള്‍ വിരിയുന്നതും നോക്കി ഞാന്‍ ഇരുന്നു.
Generated from archived content: story1_oct12_12.html Author: ciby_t_mathew