ഉമ്മറത്തെ ചാരുകസേരയിൽ കാലുകൾ നിവർത്തിവെച്ച് നെഞ്ചും ചൊറിഞ്ഞ് ചാഞ്ഞു കിടക്കുമ്പോഴാണ് എന്നാലൊന്ന് വലിച്ചു കളയാമെന്ന വിചാരം കുഞ്ചെറിയായ്‌ക്കുണ്ടായത്. ഉടൻ അകത്തുപോയി മേശ വലിപ്പിൽ നിന്നും വെട്ടിത്തിളങ്ങുന്ന വെള്ളിക്കൂട് തുറന്ന് തവിട്ടു നിറത്തിലുള്ള സിഗരറ്റ് ഒരെണ്ണമെടുത്തു.
ഇളയ മകൻ സണ്ണി ഖത്തറിൽ നിന്ന് വന്നപ്പോൾ കുറെ സിഗരറ്റ് പായ്‌ക്കറ്റുകൾ ഇട്ടിട്ടു പോയതാണ് ഒപ്പം ‘വലി കുറയ്‌ക്കണേ അപ്പച്ചാ’ എന്നൊരു ഉപദേശവും. വയസുകാലത്ത് പ്രത്യക്ഷത്തിലുള്ള ഒരേയൊരു ദുശ്ശീലം സ്വകാര്യ ജീവിതത്തിൽ ചീത്തയായത് ഒക്കെ ഘട്ടം ഘട്ടമായി നിർത്തി. ഇനി വലികൂടിയങ്ങ് നിർത്തണം. അയാളുടെ മനസ് മന്ത്രിച്ചു.
നീളമുള്ള സിഗരറ്റ് കത്തിച്ച് ചുണ്ടിൽവെച്ച് അയാൾ ആഞ്ഞുവലിച്ചു. വാർദ്ധക്യം ചുളുക്കിയ നാളികളിൽ കൂടി പുകച്ചുരുളുകൾ ഒളിപ്പോരാളികളെപ്പോലെ അയാളുടെ ചങ്കിലും കരളിലും കടന്നാക്രമിച്ചു.
‘നെഞ്ചിലൊരു വേദനപോലെ’ ഏലമ്മോ, ഒരു കട്ടനിങ്ങെടുത്തോ എന്ന് പറഞ്ഞ് കുഞ്ചെറിയ ചൂരൽ കസേരയിലേക്ക് നടുനിവർത്തി. മുറ്റത്തെ മണലിൽ പേരക്കുട്ടികൾ കളിക്കുന്നു. അവരുടെ ചിരിയും വർത്തമാനവും നോക്കി സുഖാനുഭവത്തിലമർന്ന കുഞ്ചെറിയ പുകച്ചുരുളുകൾ വിഴുങ്ങിക്കൊണ്ടിരുന്നു.
പെട്ടെന്നാണ് ഇടത്തെ നെഞ്ചിനൊരു പിടപ്പ് അനുഭവപ്പെട്ടത്. കുഞ്ചെറിയ നെഞ്ചൊന്നു തടവുമ്പോൾ ദിഗന്തങ്ങളെ ഭേദിച്ചുകൊണ്ട് ഒരു ശബ്‌ദം അയാളുടെ കാതുകളിൽ വന്നലച്ചു.
‘മതിയെടാ; ഇങ്ങു കേറിപ്പോര്’
ശബ്‌ദം നിർഗമിച്ച സ്രോതസറിയാതെ അയാൾ അല്‌പം ശങ്കയോടെ കാതു കൂർപ്പിച്ചതും ശബ്‌ദായമാനവും അന്തസാരശൂന്യവുമായ വായുവിലേക്ക് ഒരു കുമിളപോലെ പൊങ്ങിപ്പോയി.
ഒന്നാർത്തലയ്‌ക്കുവാൻ തോന്നിയെങ്കിലും ശബ്‌ദം പുറത്തേക്ക് വന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പെ തന്റെ നിശ്ചലമായ ശരീരം നീണ്ടു നിവർന്ന് ചൂരൽ കസേരയിൽ കിടക്കുന്നത് അന്തരീക്ഷത്തിൽ നിന്ന് അയാൾ കണ്ടു.
ഇടത്തെ വിരലിലിരുന്ന് സിഗരറ്റ് എരിയുന്നുണ്ട്. പേരക്കുട്ടികൾ മുറ്റത്തെ മണലിൽ കുത്തി മറിയുന്നു. അതിനിടയിൽ ഏലമ്മ കട്ടൻ കാപ്പികൊണ്ടുവന്ന് അരഭിത്തിയിൽ വെച്ച് ഉരിയാടാതെ തിരികെപ്പോകുന്നതും നോക്കി അയാൾ വായുവിൽ ഒരപ്പൂപ്പൻ താടിപോലെ നിന്നു.
തിരികെ ശരീരത്തിലേക്ക് കയറിക്കൂടാൻ ഒരു ശ്രമം നടത്തിയെങ്കിലും സ്വമേധയാ സഞ്ചരിക്കുവാൻ ആവതില്ലെന്നും തന്നെ ആരോ നിയന്ത്രിക്കുന്നുണ്ടെന്നും ആത്മാവത്‌കരിക്കപ്പെട്ട കുഞ്ചെറിയ തിരിച്ചറിഞ്ഞു. പെട്ടെന്ന് ആരോ തന്നെ ഉയരത്തിലേക്ക് പിടിച്ചു വലിച്ചപോലെ തോന്നുകയും അനന്തരം ഒരു ഹൈഡ്രജൻ ബലൂൺ പോലെ വായുവിലേക്കുയർന്ന് പൊങ്ങി-ടെറസിനുമുകളിലെ ഡിഷ് ആന്റിനായും കടന്ന് ആകാശങ്ങളിലേക്ക് അയാൾ എടുക്കപ്പെട്ടു.
കൂകി വിളിക്കാനോ കരയാനോ ഒക്കെ തോന്നിയെങ്കിലും ഒന്നിനും കഴിഞ്ഞില്ല.
പഞ്ഞിക്കെട്ടുപോലെയുള്ള മേഘങ്ങൾക്കിടയിലൂടെ അതിവേഗം സഞ്ചരിക്കുകയാണ് ഇപ്പോൾ കുഞ്ചെറിയ പെട്ടെന്ന് അന്ധകാരം നിറഞ്ഞ ഒരു നൂൽപ്പാലത്തിലൂടെ കുഞ്ചെറിയായുടെ ഭാരമില്ലാത്ത ശരീരം വേഗത്തിൽ ഉയർന്നു നീങ്ങി. പിന്നെയത് അത്യഗാധങ്ങളുടെ നിമ്‌നോന്നതകളിലേക്ക് തെന്നിയിറങ്ങി.
ഏലമ്മകൂടി ഉണ്ടായിരുന്നുവെങ്കിൽ വർത്തമാനം പറഞ്ഞു പോകാമായിരിന്നു.‘ കുഞ്ചെറിയായുടെ കൃശഗാത്രമായ ആത്മാവ് പരലോക പ്രയാണം ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു.
’ശരീരത്തിൽ നിന്ന് വേർപെട്ടതുകൊണ്ടാവണം പരമമായ ഒരു സുഖവും തോന്നുന്നു. കുഴമ്പിന്റെ ഒടുക്കത്തെ നാറ്റവുമില്ല കുഞ്ചെറിയായുടെ മനഃമന്ത്രണം.
മങ്ങിയ വെളിച്ചം വീഴുന്ന റസ്‌റ്റോറന്റിൽ നിന്നും നിശബ്‌ദതയിലേക്ക് ഒഴുകി ഇറങ്ങുന്ന ശാന്തമായ സംഗീതം പോലെ കാതങ്ങൾക്ക് അപ്പുറത്ത് എവിടെനിന്നോ സംഗീതത്തിന്റെ അലകൾ അയാളുടെ മനസ്സിലേക്ക് ആലിപ്പഴം പോലെ വന്ന് വീണുകൊണ്ടിരുന്നു. ഒരു മൂളിപ്പാട്ട് പാടാനുള്ള മാനസികാവസ്‌ഥയിലായിരുന്നിട്ടും ശബ്‌ദനാളങ്ങൾ അടഞ്ഞു കിടന്നു.
ഒടുവിൽ കുഞ്ചെറിയ എവിടേയ്‌ക്കോ താഴുവാൻ തുടങ്ങി. നീലസ്സരസുകൾ ചിന്നിക്കിടക്കുന്ന നിശബ്‌ദമായ ഒരു ലോകം കണ്ണിൽ തെളിഞ്ഞു അവിടേയ്‌ക്ക് അയാൾ ഊളിയിട്ടിറങ്ങി.
ആകാശം മുട്ടെ നിൽക്കുന്ന മണിസൗധമാണ് പിന്നെ അയാൾ കണ്ടത് വർണ്ണാഭയാൽ കണ്ണഞ്ചിപ്പോകുന്നു.
‘ഇത് പ്രപഞ്ചത്തിന്റെ ഏതോ ഗൃഹമോ ഉപഗൃഹമോ മറ്റോ ആയിരിക്കും.
ആത്മാവിന്റെ കേവലാഭിപ്രായപ്രകടനം പുറത്തേക്ക് വന്നില്ല.
’ആരേം കാണുന്നില്ലല്ലോ!
കുഞ്ചെറിയായുടെ ഉള്ളുരുകാൻ തുടങ്ങി.
നിശബ്‌ദതയ്‌ക്ക് ഒരറുതിവരുത്തിക്കൊണ്ട് അവസാനം മണിസൗധത്തിന്റെ കൂറ്റൻ കവാടം തുറക്കപ്പെട്ടു. ഘനശാലിയായ ഒരു സൈന്യാധിപൻ വന്നിറങ്ങി.
‘വിരിഞ്ഞ തോളിന് പിന്നിലായി ചിറക് മടക്കി വെച്ചിട്ടുണ്ടോ’ എന്നൊരു സംശയം മാത്രം കുഞ്ചെറിയായ്‌ക്ക് ബാക്കി നിന്നു.
മുഖത്ത് ആട്ടിൻ രോമം പോലെ നരച്ച താടീം മീശേം മുറ്റി വളർന്നു നിഴലിക്കുന്നു. വെള്ളിരേഖകൾ പോലെ സമൃദ്ധമായ മുടി ജടപിടിച്ച് ഒരതികായൻ.
‘കാവൽക്കാരനായിരിക്കും.!
കുഞ്ചെറിയായുടെ ആത്മമന്ത്രണം അയാൾ കുഞ്ചെറിയായുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. ആ കണ്ണിൽ രോഷം പടരുന്നത് കുഞ്ചെറിയാ കണ്ടു.
’നിന്നെ അകത്തേക്ക് കയറ്റാൻ പറ്റില്ല കുഞ്ചെറിയാ‘
അപരാധകാരണം അറിയാതെ കുഞ്ചെറിയ ഒരു നിമിഷം പകച്ചു നിന്നപ്പോൾ അപരൻ പറഞ്ഞു.
’ഉത്തരവാദിത്വം മറന്ന് ജീവിച്ച് അവസാനം ചത്തിട്ടും ചുറ്റുപാട് മലിനമാക്കിക്കൊണ്ടിരിക്കുന്നത് കണ്ടില്ലേ?‘
കുഞ്ചെറിയായുടെ കുണ്‌ഠിതപ്പെട്ട ആത്മാവിനോട് അയാൾ കല്‌പിച്ചു പൊയ്‌ക്കോ. പോയി സിഗരറ്റ് കെടുത്തിയിട്ട് വന്നാൽ മതി.
ഹൊ! ആശ്വാസമായി അടുത്ത നിമിഷം തന്നെ ആരോ എടുത്തെറിയും പോലെ കുഞ്ചെറിയായുടെ ആത്മാവ് അത്യഗാധതയിലേക്ക് നിപതിച്ചു.
’അയ്യോ‘ എന്നു പറഞ്ഞതും അയാൾ ഉമ്മറത്തെ ചൂരൽ കസേരയിലേക്ക് വന്നു വീണതും ഒരുമിച്ചായിരുന്നു.
’ഭാഗ്യംഃ ഒന്നും പറ്റിയില്ല.‘
അനായാസം ഒരു തൂവൽ തറയിൽ വന്ന് വീണതായേ തോന്നിയുള്ളൂ.
സത്യത്തിൽ എന്താണ് സംഭവിക്കുന്നത്. യഥാർത്ഥ്യത്തോട് പൊരുത്തപ്പെടാനാവാതെ കുഞ്ചെറിയ വീണ്ടും നെഞ്ചു ചൊറിഞ്ഞു. ’താനിപ്പോൾ യഥാർത്ഥ ശരീരത്തിൽ തിരിച്ചെത്തിയിരിക്കുന്നു. ഇടതു വിരലുകൾക്കിടയിലിരുന്ന് സിഗരറ്റ് എരിഞ്ഞുതീരാറായി. അരമതിലിലിരിക്കുന്ന കപ്പിൽ നിന്നും ആവി ഉയരുന്നു.
‘ഹൊ! എന്നാലും താനെവിടെയായിരുന്നു!’ പിരിമുറുക്കമയക്കാൻ തിടുക്കത്തിൽ ഒരു പുകകൂടി എടുത്തു. പിന്നെ സിഗരറ്റ് കുറ്റി മുറ്റത്തെ മാവിൻ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞു. അത് അവിടെക്കിടന്ന് നീറിപ്പുകയവെ, വെള്ളിടിപോലെ ഒരിക്കൽ അയാൾ ആ ശബ്‌ദം കേട്ടു.
‘എന്നാൽ കേറിപ്പോരെടാ കുഞ്ഞാണ്ടി’ അനന്തരം ആരോടും ഉരിയാടാതെ കുഞ്ഞാണ്ടി വായുവിലേക്ക് ഒരു കുമിളപോലെ വീണ്ടും പൊങ്ങിത്തുടങ്ങി.
Generated from archived content: story1_jan18_11.html Author: ciby_t_mathew