ആകര്‍ഷണ ശക്തിയുടെ രഹസ്യം

ഓരോ മനുഷ്യനിലും ഓരോ തരത്തിലുള്ള ശക്തി ളിഞ്ഞു കിടക്കുന്നുണ്ടാകും. ആ ശക്തി നാം സ്വയമറിയാതെ പുറത്തേക്ക് വിടുകയും തിരികെ സ്വീകരിക്കുകയും ചെയ്തുകൊണ്ടാണിരിക്കുന്നത്. അതായത് മറ്റുള്ളവരെ സ്വാധീനിക്കുന്നതിനായി അവരോട് ബോധപൂര്‍വം ഇടപെടുമ്പോള്‍ നാം ഈ ശക്തി പുറപ്പെടുവിക്കുന്നു. അങ്ങനെ നമ്മുടെ ശക്തി മറ്റുള്ളവരുടെ മേല്‍ ഉപയോഗിക്കപ്പെടുകയോ മറിച്ച് നാം മറ്റുള്ളവരുടെ ശക്തിക്ക് കീഴ്പ്പെടുകയോ ചെയ്തുകൊണ്ടാണിരിക്കുന്നത്. ഈ ശക്തിയെയാണ് നാം ആകര്‍ഷണ ശക്തി എന്നു വിളിക്കുന്നത് . വൈദ്യുതി പ്രവാഹം പോലുള്ള ഒരു മന:ശക്തി പ്രവാഹം എന്നു വേണമെങ്കില്‍ ഇതിനെ വിളിക്കാം. ഈ ശക്തിയെ നമുക്ക് നിയന്ത്രിക്കാനും ഉപയോഗിക്കാനും കഴിയും എന്നത് നാം മനസിലാക്കണം .

ആകര്‍ഷണ ശക്തിയുള്ള ഒരു മനുഷ്യന്റെ സാന്നിദ്ധ്യത്തില്‍ നമുക്ക് ആശ്വാസവും സമാധാനവും ലഭിക്കുന്നു എന്ന തോന്നല്‍ ഉണ്ടാവും. ഇത്തരക്കാരില്‍ മറ്റു ചില പ്രത്യേകതകളും കാണാം. അയാള്‍ ചഞ്ചല ചിത്തനല്ല. അയാളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം കാണാം. അയാളില്‍ എന്തോ ഒരു ശക്തി കുടികൊള്ളുന്നു എന്ന തോന്നലും നമുക്കുണ്ടാകുന്നു.

ആകര്‍ഷണശക്തിയുള്ള മനുഷ്യന്‍ ആരേയും തുറിച്ചു നോക്കുകയില്ല. എങ്കിലും അയാളുടെ ആദ്യത്തെ നോട്ടത്തില്‍ തന്നെ നിങ്ങള്‍ അയാള്‍ക്ക് കീഴ്പ്പെടുന്നു. അയാള്‍ നിങ്ങളുടെ കണ്ണുകളിലേക്കല്ല കണ്ണുകള്‍ രണ്ടിന്റേയും മധ്യേ മൂക്കിന്റെ ചുവട്ടിലെ അഗ്രത്തിലേക്കാണ് നോക്കുന്നത്. ആ നോട്ടം വളരെ ശക്തിയോടെ നിങ്ങളുടെ ഉള്ളിലൂടെ കടന്നു പോകുന്നതായി നിങ്ങള്‍ക്ക് തോന്നും. അയാളുടെ സംസാരം വളരെ ശ്രദ്ധാപൂര്‍വമായിരിക്കും. വാക്കുകളില്‍ വിരസതയോ അസംതൃപ്തിയോ ഉള്ളതായി അനുഭവപ്പെടുകയില്ല. നിങ്ങള്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധാപൂര്‍വം കേട്ടിരിക്കുന്നതിലല്ലാതെ നിങ്ങളെ ശ്രദ്ധിക്കുകയില്ല. വീണ്ടും അയാള്‍ സംസാരിക്കുമ്പോല്‍ സ്നേഹത്തോടും ശക്തിയോടും അധികാര ഭാവത്തോടും അയാള്‍ നിങ്ങളുടെ മൂക്കിന്റെ ചുവട്ടിലേക്കു തന്നെയാവും നോക്കുക. സ്വന്തമഭിപ്രായം അടിച്ചേല്‍പ്പിക്കുവാന്‍ അയാള്‍ ശ്രമിക്കുകയില്ല. പുറമെ കാണുന്ന ഈ ശാന്തയില്‍ ഒന്നിനും വഴങ്ങാത്ത മന:ശക്തിയുള്ള ഒരു മനുഷ്യനെ നിങ്ങള്‍ കാണുന്നു. അദ്ദേഹത്തിന് ഒരു കാന്തിക ശക്തിയുണ്ടെന്ന് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു . അദ്ദേഹത്തെ അനുസരിക്കേണ്ടത് നിങ്ങളുടെ കടമയാണെന്നും തോന്നും. ആകര്‍ഷണ ശക്തിയുള്ള ഇത്തരക്കാരുടെ സാമീപ്യത്തില്‍ ബലവാന്മാര്‍ കൂടുതല്‍ ബലവാന്മാരായിത്തീരുകയും ബലഹീനര്‍ കൂടുതല്‍ ബലഹീനരായി തീരുകയും ചെയ്യുന്നു.

ആകര്‍ഷണശക്തിയുള്ള മനുഷ്യന്‍ പാഴ്വാക്കുകളൊന്നും പറയില്ല. സ്വന്തം കാര്യത്തെക്കുറിച്ച് ഒന്നും പറയില്ല. തന്നത്താന്‍ പുകഴ്ത്തിയും പറയില്ല. നിസ്സാരകാര്യത്തെക്കുറിച്ച് പറഞ്ഞാലും പറയുന്നത് വലിയ കാര്യങ്ങളാണെന്നു തോന്നും. അയാള്‍ക്ക് ഒന്നിലും അത്യാര്‍ത്തി ഉണ്ടായിരിക്കുകയില്ല. അയാള്‍ പ്രശംസയോ അനുമോദനമോ ഇഷ്ടപ്പെടുന്നില്ല. പണം, പ്രശസ്തി, എന്നിവയൊക്കെ ഉണ്ടായിരുന്നാലും ഇതെല്ലാം തന്റെ പ്രവര്‍ത്തനഫലം മാത്രമാണെന്ന ഭാവമായിരിക്കും ഉണ്ടാവുക. പരിശ്രമിക്കാതെ വെറുതെ അടങ്ങിയിരിക്കുന്ന സ്വഭാവം അയാള്‍ക്ക് ഉണ്ടായിരിക്കുകയില്ല.

ആകര്‍ഷണശക്തിയില്ലാത്ത മനുഷ്യന്റെ സാന്നിദ്ധ്യം പോലും നിങ്ങളെ ബോറഡിപ്പിക്കുന്നു. അയാള്‍ എപ്പോഴും എന്തെങ്കിലുമൊക്കെ സംസാരിക്കുകയോ പിറുപിറുക്കുകയോ ചെയ്തുകൊണ്ടിരിക്കും. സ്വന്തം രഹസ്യങ്ങള്‍ പോലും അന്യരോടു പറയും. നിങ്ങള്‍ സന്തോഷവാനാണെങ്കില്‍ നിങ്ങളുടെ സന്തോഷം അയാള്‍ ഹനിക്കും. നിങ്ങളുടെ സഹതാപവും സഹായവും അയാള്‍ ആവശ്യപ്പെടും. തന്നെ എല്ലാവരും വെറുക്കുന്നു തെറ്റിദ്ധരിക്കുന്നു എന്നും അയാള്‍ പറഞ്ഞെന്നിരിക്കും. എല്ലാറ്റിനെക്കുറിച്ചും അയാള്‍ക്ക് പരാതി മാത്രമേ പറയാന്‍ കാണു. അയാള്‍ പോയിക്കഴിയുമ്പോള്‍ നിങ്ങള്‍ക്ക് വല്ലാത്തൊരു ആശ്വാസം തോന്നും.

നിങ്ങളുടെ യാതൊരു വിധ ബുദ്ധിമുട്ടുകളും സങ്കടങ്ങളും അന്യരോടു പറയാതിരിക്കുക. മറ്റുള്ളവരില്‍ നിന്ന് പ്രശംസയോ സഹതാപമോ ആഗ്രഹിക്കാതിരിക്കുക. ഓരോ ആഗ്രഹത്തിലും ഓരോ ശക്തി അടങ്ങിയിരിക്കുന്നു എന്ന് വിശ്വസിക്കുക. ആ ശക്തിയെ സ്വന്തമാക്കി സ്വന്തം മന:ശക്തി വര്‍ദ്ധിപ്പിക്കുക. അതിനായി പ്രവര്‍ത്തിക്കുക. ശക്തി നഷ്ടപ്പെടുത്തുന്ന ഒരു പ്രവൃത്തിയിലും ഏര്‍പ്പെടാതെ സൂക്ഷിക്കണം.

ഓരോ വ്യക്തിയിലുമുള്ള ആഗ്രഹം ഓരോ തരത്തിലായിരിക്കും. ആഗ്രഹത്തിന് വഴങ്ങിക്കൊടുക്കുമ്പോള്‍ നിങ്ങളുടെ ശക്തിയെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. അതുവഴി ആകര്‍ഷണ ശക്തിയെ ദുര്‍ലഭപ്പെടുത്തുകയും ചെയ്യുന്നു. ആഗ്രഹങ്ങളെ ഒരു ചവിട്ടു പടിയായി രൂപാന്തരപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്. അതിനായി ശ്രമിച്ചു തുടങ്ങിയാല്‍ നിങ്ങളുടെ ജീവിതം വിജയത്തിലേക്ക് കുതിക്കും. കോപം, അക്ഷമ , മദ്യപാന ശീലം , ഭോഗശീലം , അഹംഭാവം ഇവയെല്ലാം ആഗ്രഹത്തിന്റെ ശക്തിയില്‍ പ്രകടമാകുന്ന വിവിധ ഭാവങ്ങളാണ്. ഇവയെല്ലാം അപകടകാരികളാണ്. ഇതില്‍ ഏറ്റവും ദോഷം ചെയ്യുന്നത് അഹംഭാവമാണെന്നത് മറക്കരുത്.

ശക്തി സംഭരിക്കാനുള്ള മാര്‍ഗം

നിങ്ങള്‍ സംസാരിക്കുമ്പോള്‍ എതിരാളിയുടെ മൂക്കില്‍ ചുവട്ടിലേക്കു സൂക്ഷിച്ചു നോക്കുക. നിങ്ങളുടെ നോട്ടത്തെ എതിരിടാനാവാതെ അയാള്‍ അങ്ങോട്ടും ഇങ്ങോട്ടും നോട്ടം തിരിക്കുന്നത് കാണാം. നിങ്ങളുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടിരിക്കാന്‍ തക്കവണ്ണം അയാളെ നിങ്ങളിലേക്ക് ആകര്‍ഷിക്കുക. എന്നാല്‍ അയാള്‍ സംസാരിക്കുന്ന സമയം നിങ്ങള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കരുത്. അയാളുടെ ശരീരത്തില്‍ എവിടെയെങ്കിലും നോക്കിയാല്‍ മതിയാകും. അയാള്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുക. പിന്നീട് നിങ്ങള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ അയാളുടെ മൂക്കിന്റെ ചുവട്ടില്‍ ദൃഷ്ടിയുറപ്പിച്ച് സംസാരിക്കുക. ഇത് വ്യക്തികളില്‍ പരിശീലിക്കും മുമ്പ് നിങ്ങള്‍ക്ക് സ്വയം പരിശീലിക്കാവുന്നതാണ്. മേശപ്പുറത്ത് ഒരു കണ്ണാടി നിവര്‍ത്തി വച്ച ശേഷം രണ്ടോ മൂന്നോ അടി ദൂരെയിരുന്ന് കണ്ണാടിയിലെ സ്വന്തം രൂപത്തിലേക്ക് കണ്ണുകളുടെ മദ്ധ്യേ , മൂക്കിന്റെ ചുവട്ടിലായി ചെറിയൊരു അടയാളം ഇട്ടശേഷം അതിലേക്ക് സൂക്ഷിച്ചു നോക്കുക ആദ്യമൊക്കെ കണ്ണടയ്ക്കണമെന്നു തോന്നുകയും അടക്കുകയും ചെയ്താലും നിരാശപ്പെടേണ്ട. പരിശീലനം തുടരുക. ഈ പരിശീലനം തുടരുമ്പോള്‍ നിങ്ങള്‍ക്ക് ആയാസരഹിതമായി മൂക്കിന്റെ അടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. അത് നിങ്ങളെ മറ്റൊരാളാക്കി മാറ്റുമെന്ന് ഉറപ്പ്.

രഹസ്യങ്ങള്‍ സൂക്ഷിക്കുക

ഒരു രഹസ്യം കിട്ടിയാല്‍ അത് കഴിയുന്നതും വേഗത്തില്‍ പത്തു പേരെ അറിയിക്കുന്നതാണല്ലോ മിക്കവര്‍ക്കും താത്പര്യം. എന്നാല്‍ ആരേയും അറിയിക്കാതിരിക്കുക എന്നതാണ് ശക്തി സംഭരണത്തിന് ഏറ്റവും അനുയോജ്യമായ മാര്‍ഗം. ഒരു രഹസ്യം മറ്റാരേയും അറിയിക്കാതെ അതിനെ അടിച്ചമര്‍ത്തുമ്പോള്‍ , നിങ്ങളുടെ മസ്തിഷ്ക്കത്തിന്റെ ബാറ്ററി ചാര്‍ജായി തുടങ്ങുന്നു. ഒരു ബാങ്കില്‍ നിങ്ങളുടെ നിക്ഷേപം സൂക്ഷിക്കുന്നതു പോലെയാണത്. രഹസ്യങ്ങള്‍ ഓരോന്നും സൂക്ഷിക്കുമ്പോള്‍ നിങ്ങളുടെ ഈ ബാങ്ക് അക്കൗണ്ടിലും ശക്തി സംഭരണത്തിന്റെ തോത് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഇത്തരത്തില്‍ ആ‍കര്‍ഷണ ശക്തി വര്‍ദ്ധിക്കുന്ന ഒരു മനുഷ്യന്റെ ശക്തി അളവറ്റതായി മാറുന്നു.

മറ്റുള്ളവരില്‍ നിന്ന് നല്ല അഭിപ്രായം കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ വളരെ വിരളമായിരിക്കും. എന്നാല്‍ ശക്തി സംഭരിക്കാന്‍ ശ്രമിക്കുന്നവര്‍ മുഖസ്തുതി കേള്‍ക്കാനുള്ള ആഗ്രഹത്തെ എപ്പോഴും തടയണം. അതുപോലെ മനസില്‍ പലതരം വികാരങ്ങള്‍ ഉടലെടുക്കുമ്പോള്‍ അത് കോപമാകാം,സന്തോഷമാകാം, മറ്റെന്തുമാകാം അതിനനെ തടഞ്ഞു നിര്‍ത്തുക. വികാരങ്ങള്‍ക്ക് അടിപ്പെട്ടു പ്രവത്തിക്കുന്നത് നിങ്ങളുടെ ആകര്‍ഷണ ശക്തിക്ക് ബലക്ഷയമുണ്ടാക്കുന്നു.

ഊര്‍ജ്ജ ശക്തി പരിപോഷിപ്പിക്കുന്ന വ്യായാമം

ഊര്‍ജ്ജശക്തിയെ പരിപോഷിപ്പിക്കുന്നതിനായി വ്യായാമവും ആവശ്യമാണ്. അത്തരത്തിലുള്ള ഒന്നാണ് ചുവടെ പറയുന്നത്. ആദ്യമായി ചിന്തകള്‍ ഒഴിവാക്കിക്കൊണ്ട് നിങ്ങളുടെ മനസിനെ ഏകാഗ്രമാക്കി നിര്‍ത്തുക. മറ്റു ചിന്തകള്‍ ഇല്ലാതാകുമ്പോള്‍ ‘’ ഇപ്പോള്‍ വികാരത്തിന്റെ പൂര്‍ണ്ണ ശക്തിയെ ഞാന്‍ ആഗഹിക്കുന്നു’‘ എന്ന് മനസില്‍ പറഞ്ഞുകൊണ്ട് എട്ടു സെക്കന്റ് ശ്വാസം ഉള്ളിലേക്കു വലിച്ചെടുക്കുക. പിന്നീട് എട്ടു സെക്കന്റ് നേരം ശ്വാസം ഉള്ളില്‍ അടക്കി നിര്‍ത്തുക്കൊണ്ട് ‘’ ഈ ശക്തി എനിക്കിപ്പോള്‍ സ്വന്തമായി’‘ എന്ന് മനസില്‍ പറയുക. പിന്നീട് ‘’ എനിക്ക് ലഭിച്ച ഈ ശക്തി , എന്റെ ഇഷ്ടം പോലെ ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് ‘’ എന്ന് മനസില്‍ വിചാരിച്ചുകൊണ്ട് എട്ടു സെക്കന്റ് സമയം കൊണ്ട് ശ്വാസം പുറത്തേക്കു വിടുക ( ശ്വസനം 6 സെക്കന്റ് ,ബന്ധനം 8 സെക്കന്റ് , ഉച്ഛ്വാസം 8 സെക്കന്റ്) ഈ വ്യായാമം എത്ര പ്രാവശ്യം ചെയ്യാമോ അത്രയും നല്ലതാണ്) വികാരങ്ങളെ മെരുക്കിയെടുത്ത് മന: ശക്തിയാക്കി മാറ്റാമെന്നാണ് ഇതില്‍ നിന്ന് നാം മനസിലാക്കേണ്ടത്. ഇതിലൂടെ വികാരങ്ങളാല്‍ പരീക്ഷിക്കപ്പെടുന്നതിനും അപ്പുറത്തേക്കാണ് നിങ്ങള്‍ കടക്കുന്നത്.

ഈ പരിശീലനം തുടങ്ങുമ്പോള്‍ മുതല്‍ നിങ്ങളുടെ ശരീരത്തിനും മനസിനും ചില വ്യതിയാനങ്ങള്‍ സംഭവിച്ചു തുടങ്ങുന്നത് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ഭീതി, ഭയം, മന:പ്രയാസം എന്നിവയെല്ലാം വിട്ടുമാറുന്നു. കണ്ണുകള്‍ക്ക് പ്രകാശവും മുഖത്തിന് കാന്തിയും വര്‍ദ്ധിക്കുന്നു. ഒപ്പം സ്വന്തം ശക്തിയിലുള്ള വിശ്വാസവും ഏറുന്നു. നിങ്ങള്‍ എപ്പോഴും സന്തോഷവാനായി കാണപ്പെടുന്നു. ഇപ്രകാരം സ്വന്തം മന:ശക്തിയെ വര്‍ദ്ധിപ്പിക്കുവാന്‍ പുരുഷന്‍മാര്‍ക്കു മാത്രമല്ല സ്ത്രീകള്‍ക്കും സാധിക്കുന്നതാണ്.

Generated from archived content: essay1_july27_12.html Author: choorakodu-rajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here