ഒരു ചലചിത്രത്തിന്റെ വിജയത്തിന് (കലാമൂല്യമുളള സിനിമയുടേതായാലും കച്ചവടസിനിമയുടേതായാലും) അത് ആദിമധ്യാന്തപ്പൊരുത്തമുളള ഒരു കഥ വഴിതെറ്റാതെ പറഞ്ഞു തീർക്കണം എന്നൊക്കെ ശഠിക്കുന്നത് തെറ്റാണ്. ചലചിത്രം എന്ന മാധ്യമത്തിന്റെ സാങ്കേതികപരവും കലാപരവുമായ സാധ്യതകളെക്കുറിച്ച് മികച്ച അവബോധമുളള ചലചിത്രകാരന് നൈമിഷികമായി ലഭിക്കുന്ന ഒരു ആശയത്തിന്റെ നുറുങ്ങനെപ്പോലും ദൃശ്യഭാഷയിലൂടെ ഉദാത്തമായി ആവിഷ്‌കരിക്കാൻ കഴിയും. ഭാഷയോ കഥയോ തിരക്കഥയോ ഒന്നും തന്നെ അയാളുടെ ആവിഷ്‌ക്കാരത്തിന്റെ ഇച്ഛാശക്തിക്ക് വിലങ്ങുതടിയാവില്ല എന്നത് മികച്ച ലോകക്ലാസിക്കുകളിലൂടെ തെളിയിക്കപ്പെട്ടിട്ടുളളത്. രഞ്ജൻപ്രമോദ് രചനയും സംവിധാനവും നിർവ്വഹിച്ച ഫോട്ടോഗ്രാഫർ എന്ന ചലചിത്രം അടിയുറപ്പുളള ഒരു കഥാബീജത്തിന്റെ അഭാവത്തിൽ ദൃശ്യപരിചരണത്തിന്റെ തീരെ അപക്വമായ, പരാജയപ്പെട്ടുപോയ ശ്രമങ്ങളിലൂടെ എല്ലാത്തരം പ്രേക്ഷകരേയും നിരാശപ്പെടുത്തുന്ന കാഴ്‌ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അത്രയൊന്നും പ്രതിഭാശാലിയല്ലാത്ത ഒരു ചലചിത്രകാരന് സിനിമയുടെ പൂർണ്ണതയ്‌ക്കായി ലളിതമെങ്കിലും കെട്ടുറപ്പുളള ഒരു കഥ അത്യാവശ്യമാണ്. ചലചിത്രകാരൻ അതിനോട് പുലർത്തുന്ന സത്യസന്ധതയുടേയും ആത്മബന്ധത്തിന്റെയും ആഴം കുറഞ്ഞുപോകുമ്പോൾ ചലചിത്രത്തിന്റെ സത്ത നഷ്ടപ്പെട്ടുപോവുകയും ചെയ്യും.
ഡിജോ ജോൺ എന്ന നാച്ച്വറൽ ഫോട്ടോഗ്രാഫറുടെ ജീവിതത്തിലേക്ക്, ആദിവാസികളുടെ സായുധസമരത്തെ തുടർന്ന് പോലീസിന്റെ വെടിയേറ്റ് മരിക്കുന്ന ആദിവാസി യുവാവിന്റെ മകനായ താമി എന്ന ബാലൻ എത്തിച്ചേരുന്നതാണ് കഥയുടെ സത്ത. മണ്ണ് നഷ്ടപ്പെടുന്ന ഒരു ജനതയുടെ വിഹ്വലതകൾ, ബ്യൂറോക്രസിയുടെ നിഷ്‌ഠൂരനടപടികളിൽ അതിന്റെ കുത്തൊഴുക്കിൽ ചിതറിപ്പോയ ജീവിതത്തിന്റെ ആത്മാർത്ഥമായി ആവിഷ്‌ക്കരിക്കപ്പെടുന്നില്ല. വളരെ ലളിതമായി പരിചരിക്കപ്പെട്ടിട്ടുളള ഈ ഗൗരവമേറിയ വിഷയം യഥാർത്ഥത്തിൽ ഒരു ജനതയുടെ നേർക്കുതന്നെയുളള ചളിവാരിയെറിയലാണ്. ഏതൊരു പ്രശ്‌നത്തിന്റെയും അമിത ലളിതപത്‌ക്കരണം അപകടകരമായ ഋലമാണ് ഉളവാക്കുക.
ആദിവാസി ഭൂസമരണങ്ങളുടെ ചരിത്രം, അധികാരികൾ ഇതുവരെ അവർക്കെതിരെ സ്വീകരിച്ച നിലപാടുകൾ, മുത്തങ്ങ വെടിവെയ്‌പ്പിന്റെ പ്രത്യക്ഷവും ആന്തരീകവുമായ രാഷ്‌ട്രീയ സാമൂഹിക കാരണങ്ങൾ……ഇങ്ങനെ നിരവധി അന്വേഷണങ്ങളുടെ ഒടുവിലാണ് അവയിൽ നിന്നുളള ചലചിത്രകാരന്റെ ദർശനങ്ങളാണ് സാമൂഹ്യപ്രാധാന്യമുളള ഒരു കലാകാരൻ തന്റെ മാധ്യമത്തിലൂടെ അവതരിപ്പിക്കേണ്ടത്. ഒരു പൈങ്കിളിക്കഥയുടെ പൂർത്തീകരണത്തിന് തികച്ചും കൃത്രിമമായ ഒരു ആദിവാസി പ്രേമത്തിന്റെ മൂടുപടം അണിയിക്കുകയാണ് ഫോട്ടോഗ്രാഫറിൽ ചെയ്‌തുപോന്നിട്ടുളളത്. പ്രമേയത്തെ ഗൗരവത്തോടെ കാണാനും അതിനോട് ആത്മാർത്ഥത പുലർത്താനും കഴിയാതെ പോകുമ്പോൾ, (ആദിവാസി സമരത്തിന്റെയും വെടിവെപ്പിന്റെയും ദൃശ്യങ്ങൾ രഞ്ജൻപ്രമോദ് ചിത്രീകരിക്കുന്നത് വളരെ ലാഘവത്തോടെയാണ് എന്ന് കാണാം), ചലചിത്രകാരന്റെ ‘സാമൂഹ്യബോധ’ത്തിന്റെ ‘ആഴ’ വ്യക്തമാകുന്നുണ്ട്. വളരെ വൈകാരികമായി അവതരിപ്പിക്കാവുന്ന എത്രയോ കഥകൾ (നായകനും പ്രതിനായകനും പ്രണയവും തമാശയും എല്ലാം ഉൾപ്പെടുന്ന) ഇനിയും ബാക്കിയുണ്ട്. കച്ചവട സിനിമയുടെ ഓർബിറ്റിൽ നിന്ന് കറങ്ങിത്തിരയുന്നവർ സാമൂഹ്യബോധത്തിന്റെ കപടമുഖംമൂടികളണിഞ്ഞ കളളനാണയങ്ങളുമായി രംഗത്തെത്തുമ്പോൾ അവരോട് പറയാനുളളത് ഇതു മാത്രമാണ്. ഡിജോ ജൊണിന്റെ സാമൂഹ്യപ്രതിബന്ധത വളരെ കൃത്രിമവും കാപട്യവുമാണ്. ആദിവാസി ബാലന്റെ അച്ഛനെ പോലീസ് വെടിവച്ചു കൊല്ലുന്ന ഫോട്ടോ അയാൾ മാധ്യമങ്ങൾക്ക് വിട്ടുകൊടുക്കാതിരിക്കുന്നത് സ്വന്തം സുഹൃത്തായ മന്ത്രിയുടെ അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ്. ഡിജോ ജോണിനെ സെൻട്രൽ ഇൻവെസ്‌റ്റിഗേഷൻ ടീം കസ്‌റ്റഡിയിലെടുത്ത് വിട്ടയയ്‌ക്കുമ്പോൾ അയാൾ താമിയെ പാടെ മറക്കുന്നുണ്ട്. തുമ്പിയുടേയും പെരുമ്പാമ്പിന്റെയും ചിത്രങ്ങൾ പകർത്തുന്ന രംഗങ്ങളാണ് നാം പിന്നീട് കാണുന്നത്. സിനിമയെ ഒരു സ്‌പിരിച്ച്വൽ മൂഡിലേക്ക് ഉയർത്താൻ ചലചിത്രകാരൻ നടത്തിയ ശ്രമങ്ങളെല്ലാം വൃഥാവിലാകുന്നു. കാട്ടിലെ ദൈവത്തോട് അയാൾ ഇംഗ്ലീഷിൽ സംസാരിക്കുന്നു. ഡിജോ ജോൺ വികാരാധീനനായി സംസാരിക്കുമ്പോഴൊക്കെയും ആംഗലേയമാണ് നാവിൽ വിളങ്ങുന്നത്!
ചലചിത്രാന്ത്യത്തിൽ താമി എങ്ങനെയോ ഒരു വഴിവക്കിൽവച്ച് ഡിജോയുടെ കൈകളിൽ തിരിച്ചെത്തുകയും അവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. ആദിവാസി പ്രശ്‌നത്തെ വളരെ ലഘൂകരിച്ചു കണ്ടു എന്ന ചലചിത്രത്തിന്റെ വലിയ വീഴ്‌ചയെക്കുറിച്ച് സംസാരിക്കുന്ന ഒരു രംഗമുണ്ട്. അറവുമാടിനെയും താമിയേയും ഒരുമിച്ചു കാണുന്ന ഒരു രംഗം. അഴകപ്പന്റെ ക്യാമറ പകർത്തുന്ന പ്രകൃതിയുടെ പച്ചപ്പ് മാത്രമാണ് സിനിമയിൽ മികച്ചു നിൽക്കുന്നത്.
കച്ചവട സിനിമയുടെ പതിവുശീലങ്ങളെ നിരാകരിക്കുവാൻ ചലചിത്രകാരൻ ബോധപൂർവ്വമോ അല്ലാതയോ നടത്തുന്ന ശ്രമം അഭിനന്ദനാർഹമാണ്. കഥയുടെ പകുതിയോടെ കഥ ഉപേക്ഷിക്കപ്പെടുകയും സിനിമ അനാഥമായിത്തീരുകയും ചെയ്യുന്ന ദയനീയമായ കാഴ്‌ച ‘ഫോട്ടോഗ്രാഫറി’ലുണ്ട്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ അസ്വസ്ഥമാക്കുന്ന ഒരു ഇഴച്ചിലാണ് ചലചിത്രത്തിൽ കാണാൻ കഴിയുന്നത്. താമിയും ഡിജോ ജോണും കൂടി ആലപിക്കുന്ന ലളിതമായ ഗാനം ശ്രദ്ധേയമാണ്.
കച്ചവടസിനിമയുടെ ചേരുവകളൊന്നും ഇല്ലാത്തതിനാൽ ഫോട്ടോഗ്രാഫർ അത്തരം പ്രേക്ഷകരെ കടുത്ത നിരാശയിലേക്ക് തളളിവിടുന്നു. കലാമൂല്യമുളള ആവിഷ്‌ക്കാര രീതിയോ മോഹൻലാലിന്റെ അഭിനയചാതുരിയുടെ സാധ്യതകൾ ഗുണപരമായി ഉപയോഗിപ്പെടുത്താനുളള ശ്രമങ്ങളോ കെട്ടുറപ്പുളള കഥയോ ഒന്നും ഇല്ലാതെ ‘ഫോട്ടോഗ്രാഫർ’ തിയേറ്ററിലെത്തുമ്പോൾ മലയാള ചലചിത്രത്തിന്റെ ഭാവിയെക്കുറിച്ചുളള പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു. ചലചിത്രകാരന്റെ സാമൂഹ്യവീക്ഷണം ഇരയുടെ പക്ഷത്തു നിന്നുകൊണ്ടല്ല, വേട്ടക്കാരന്റെ പക്ഷത്തു നിന്നുകൊണ്ടു തന്നെയാണ് ചലചിത്രത്തിലൂടെ നിർവ്വഹിക്കപ്പെടുന്നത്.
Generated from archived content: cinema_nov6_06.html Author: chithra_lekha