‘അച്ചുവിന്റെ അമ്മ’യിലൂടെ തിരക്കുള്ള എഴുത്തുകാരനായി മാറിയ രാജേഷ് ജയരാമൻ സുരേഷ്‌ഗോപിക്കുവേണ്ടി തികച്ചും വ്യത്യസ്തമായ ഇരട്ടവേഷം ഒരുക്കുന്നു. തമിഴ്‌നാട്ടിലെ കാരക്കുടിയിൽ ചിത്രീകരണമാരംഭിച്ച ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. പത്മപ്രിയയും, വിമലാ രാമനും.
തികച്ചും വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളിലാണ് ഷാജി കൈലാസ് ഒരുക്കുന്ന ‘ടൈം’ എന്ന ചിത്രത്തിൽ സുരേഷ് പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തിലെ മേക്കപ്പിന് വളരെയധികം പ്രധാന്യമുള്ളതാണ്. അച്ഛനും മകനുമായിട്ടാണ് കഥാപാത്രങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. രണ്ടുപേരും പോലീസ് വേഷങ്ങളിലുമാണ് എത്തുന്നത് എന്നതും ഒരു പ്രത്യേകതയാണ്. അച്ഛൻ കഥാപാത്രത്തിന്റെ ഫ്ലാഷ്‌ബാക്കിൽ കാലഘട്ടത്തിലെ മാറ്റങ്ങൾ മേക്കപ്പിൽ വരുത്തുന്നുണ്ട്.
ഐ.പി.എസ്. റോളുകളിലൂടെ സൂപ്പർതാര പദവിയിലെത്തിച്ച ഷാജി കൈലാസിന്റെ ഈ പോലീസ് വേഷവും സുരേഷ്‌ഗോപിയ്‌ക്ക് പ്രേക്ഷക ശ്രദ്ധ നേടികൊടുക്കും. ചിന്താമണി കൊലക്കേസിലെ വക്കീലിനെ അവതരിപ്പിച്ച സുരേഷിനെ ഷാജി വീണ്ടും പോലീസാക്കുകയാണ് ‘ടൈമി’ലൂടെ.
ഡിറ്റെക്ടീവ് എന്ന ചിത്രത്തിനുശേഷം സുരേഷ്‌ഗോപി ചെയ്യുന്ന ഇരട്ടവേഷം കൂടിയാണിത് എന്ന നിലയിലും ഈ ചിത്രം പ്രേക്ഷകശ്രദ്ധനേടുമെന്നു കരുതാം.
Generated from archived content: cinema5_feb28_07.html Author: chithra_lekha