‘ചാന്തുപൊട്ടി’ലെ ഗാനം സൂപ്പർഹിറ്റായതോടെ വിനീത് ശ്രീനിവാസൻ യുവഗായകനിരയിൽ വീണ്ടും തരംഗമാകുന്നു. വിദ്യാസാഗറിന്റെ ഈണത്തിൽ വിനീത് പാടിയ ‘ഓമനപ്പുഴ കടപ്പുറത്തെ…’ എന്ന ഗാനം ഒരു ഗായകന്റെ പക്വത വെളിവാക്കുന്നതാണ്. സ്‌ത്രൈണ സ്വഭാവക്കാരനായ ദിലീപിന്റെ രാധാകൃഷ്‌ണനുവേണ്ടി പാടിയ ഗാനം ലാൽജോസ് മനോഹരമായി ചിത്രീകരിച്ചതും യുവഗായകന് തുണയായി. ‘ഉദയനാണ് താര’ത്തിലെ ‘കരളെ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ക്രെഡിറ്റ് റീമി ടോമിയുമായി പങ്കുവെച്ച വിനീതിന് പുതിയ ഹിറ്റ് സ്വന്തമായിരിക്കുകയാണ്.
വിനീതിന്റെ പരിമിതി കണ്ടറിഞ്ഞാണ് വിദ്യാസാഗർ ‘ഓമനപ്പുഴ….’ എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയത്. വയലാർ ശരത്‌ചന്ദ്രവർമ്മയുടെ ലാളിത്യമാർന്ന രചനയും ഈ ഗാനത്തിന്റെ വിജയഘടകമാണ്.
പ്രിയദർശന്റെ ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെയാണ് നടൻ ശ്രീനിവാസന്റെ സീമന്തപുത്രൻ പിന്നണി ഗാനരംഗത്ത് എത്തിയത്. വിദ്യാസാഗർ തന്നെയാണ് വിനീതിനെ പരിചയപ്പെടുത്തിയത്. ദീപക്‌ദേവിന്റെ ഫാസ്‌റ്റ് നമ്പർ ‘കരളേ…’ യുവാക്കൾ ഏറ്റെടുത്തതോടെയാണ് വിനീതിന് അവസരങ്ങൾ ഏറിയത്.
Generated from archived content: cinema4_sept28_05.html Author: chithra_lekha