മെഗാസ്‌റ്റാർ മമ്മൂട്ടി പോത്തു മുതലാളിയായി എത്തുന്ന ‘രാജമാണിക്യം’ ഷൂട്ടിംഗ് സെറ്റുകളിൽപോലും ചിരിയുടെ തരംഗമുയർത്തുകയാണ്. പ്രേക്ഷകർ ഇതുവരെ ദർശിച്ചിട്ടില്ലാത്തവിധം തികച്ചും വ്യത്യസ്‌തമായ വേഷവും ഭാഷയുമാണിതിൽ മമ്മൂട്ടിക്ക്. വിലകൂടിയ സിൽക്ക് ജുബയും സ്വർണക്കരയുളള കറുത്തമുണ്ടും കഴുത്തിലും ജുബയിലുമായി നിറഞ്ഞുകിടക്കുന്ന സ്വർണമാലകളും കൈവിരലുകളിൽ സ്വർണമോതിരങ്ങളും സ്വർണ ചെയിനും കറുത്ത വിലയേറിയ കൂളിംഗ് ഗ്ലാസുമണിഞ്ഞ് തിരുവനന്തപുരം ശൈലിയിലുളള ഭാഷയുമായി രാജമാണിക്യം കസറുകയാണ്. മമ്മൂട്ടിയുടെ വ്യത്യസ്‌തത നിറഞ്ഞ കോമഡിയും ആക്‌ഷനും സീരിയസ് വേഷങ്ങളുമായെത്തുന്ന ഈ ചിത്രം തീയേറ്ററുകളിൽ വൻ തരംഗമുയർത്തുമെന്നുതന്നെയാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
സ്‌കൂളിന്റെ പടിപോലും കാണാത്തയാളാണ് രാജമാണിക്യം. ഒരുപാട് ദുരിതങ്ങളിലൂടെയായിരുന്നു അയാളുടെ ബാല്യകാലം. അന്നു മുതലേ രാജമാണിക്യത്തിന്റെ മനസ്സിൽ കന്നുകാലികൾക്ക് ഒരു സ്ഥാനമുണ്ടായിരുന്നു. ഇന്നയാൾ ധനാഢ്യനായ പോത്തുമുതലാളിയാണ്. ബെല്ലാരിയിൽനിന്ന് വൻതോതിൽ കന്നുകാലികളെ അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ച് രാജമാണിക്യം പണം കുന്നുകൂട്ടുന്നു. വലിയ ധനാഢ്യനാണെങ്കിലും ഇയാളുടെ സംഭാഷണവും പെരുമാറ്റവും തനി നാട്ടിൻപുറത്തുകാരന്റേതുതന്നെ.
പത്മപ്രിയയാണ് ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായെത്തുന്നത്. റഹ്‌മാൻ, സായ്‌കുമാർ, മനോജ് കെ.ജയൻ, രഞ്ഞ്‌ജിത്, ഭീമൻ രഘു, അബുസലിം, ടി.പി. മാധവൻ, നാരായണൻകുട്ടി, സിന്ധുമേനോൻ, ചിത്ര ഷേണായി എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
വലിയ വീട്ടിൽ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ വലിയ വീട്ടിൽ സിറാജും മകൻ സിനിക് പി.സിറാജും ചേർന്ന് നിർമ്മിക്കുന്ന ‘രാജമാണിക്യം’ അൻവർ റഷീദ് സംവിധാനം ചെയ്യുന്നു.
താഹ, ജോഷി, സുന്ദർദാസ് തുടങ്ങിയ പത്തോളം സംവിധായകരുടെ കീഴിൽ അസോസിയേറ്റ് വർക്ക് ചെയ്‌തിട്ടുളള അൻവർ സ്വതന്ത്രസംവിധായകനാകുന്ന ചിത്രമാണ് രാജമാണിക്യം.
Generated from archived content: cinema4_oct19_05.html Author: chithra_lekha