‘ഷോലെ’യിൽ മോഹൻലാൽ തന്നെ

രാംഗോപാൽ വർമ്മയുടെ ‘ഷോലെ’ റീമേക്കിൽ മോഹൻലാൽ കേന്ദ്ര കഥാപാത്രമാകാനുളള സാധ്യതകൾ വീണ്ടും തെളിയുന്നു. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രം ഗബ്ബർസിംഗിനെ പുനരവതരിപ്പിക്കുന്ന അമിതാഭ്‌ബച്ചൻ തന്നെയാണ്‌ ലാൽ ചിത്രത്തിലുണ്ടാകുമെന്ന സൂചന നൽകിയിട്ടുളളത്‌. എഴുപതുകളിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച ‘ഷോലെ’യുടെ റീമേക്കിൽ പ്രതിനായകനാകുന്നതിന്റെ ത്രില്ലിലാണ്‌ ബോളിവുഡിലെ എന്നത്തേയും മികച്ച സൂപ്പർതാരം. രാജ്യത്തെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളാണ്‌ മോഹൻലാലെന്നാണ്‌ ബച്ചന്റെ പക്ഷം. കൃത്രിമത്വമില്ലാത്ത അഭിനയശൈലിക്കുടമയായ മോഹൻലാൽ ഭാഷാപരമായ പരിമിതി കൊണ്ടാണ്‌ ഇന്ത്യക്കകത്തും പുറത്തും വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെടാതെ പോയതെന്നാണ്‌ ബച്ചൻ പറയുന്നത്‌. വർമ്മയുടെ ‘നിശബ്‌ദി’ന്റെ ലൊക്കേഷനിൽ വെച്ചാണ്‌ ബിഗ്‌ബി ഇക്കാര്യത്തിൽ വെളിപ്പെടുത്തത്‌.

ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കുന്ന ‘ഷോലെ’യിൽ ഡേറ്റ്‌ അഡ്‌ജസ്‌റ്റ്‌ ചെയ്‌ത്‌ മോഹൻലാൽ സഹകരിക്കുമെന്നാണറിയുന്നത്‌. സഞ്ഞ്‌ജീവ്‌കുമാർ അഭിനയിച്ച്‌ ഫലിപ്പിച്ച വേഷമാണ്‌ ലാലിന്‌. ലാലിന്റെ വിധവയായ മരുമകളായി കത്രീന കൈഫ്‌ വേഷമിടും. ബോളിവുഡിലെ ഒന്നാംനിര താരങ്ങളും ചിത്രത്തിലുണ്ടാകും.

കീർത്തിചക്ര, മഹാസമുദ്രം എന്നീ ചിത്രങ്ങൾ പൂർത്തിയാക്കി വരികയാണ്‌ മോഹൻലാലിപ്പോൾ, തിരക്കഥാകൃത്ത്‌ രഞ്ഞ്‌ജൻ പ്രമോദ്‌ സംവിധായകന്റെ വേഷമണിയുന്ന സിനിമയാണ്‌ അടുത്തതായി മോഹൻലാലിന്റെ പരിഗണനയിലുളളത്‌. തിരക്കഥ പൂർത്തിയായ ഈ ചിത്രമാണ്‌ ലാലിന്റെ റംസാൻ റിലീസ്‌. ആശീർവാദ്‌ ഫിലിംസിന്റെ ബാനറിൽ ഷാജി കൈലാസ്‌ സംവിധാനം ചെയ്യുന്ന ‘അലിഭായ്‌’ ആണ്‌ മറ്റൊരു പ്രധാന പ്രോജക്‌ട്‌. രഞ്ഞ്‌ജിത്ത്‌, റാഫി-മെക്കാർട്ടിൻ, അൻവർ റഷീദ്‌, സിദ്ദിഖ്‌, ജോഷി, സിബി മലയിൽ, വിജി തമ്പി എന്നിവരുടെ ചിത്രങ്ങൾക്കും മോഹൻലാൽ ഡേറ്റ്‌ നൽകിയിട്ടുണ്ട്‌. ഇവയ്‌ക്കിടയിൽ നിന്ന്‌ ഹിന്ദി ചിത്രത്തിൽ സഹകരിക്കാൻ ഡേറ്റ്‌ തരപ്പെടുത്തുന്നത്‌ താരത്തിന്‌ ദുഷ്‌കരമാകും.

Generated from archived content: cinema4_may24_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here