ബൽറാം V/s താരാദാസിന്റെ വൻ വിജയത്തിനുശേഷം ഐ.വി. ശശി സംവിധാനം ചെയ്യുന്ന സിനിമയിൽ സുരേഷ്‌ഗോപി നായകനാകുന്നു. ‘അമരൻ’ എന്നു പേരിട്ടിട്ടുളള ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ലങ്ക, ചിന്താമണി കൊലക്കേസ് എന്നീ ചിത്രങ്ങളിലൂടെ വാർത്തകളിൽ വീണ്ടും സജീവമായ എ.കെ.സാജനാണ്. സാജൻ ആദ്യമായാണ് ഐ.വി.ശശിക്കൊപ്പം അണിനിരക്കുന്നത്. ആക്‌ഷൻ ചിത്രങ്ങൾക്ക് പുതിയ മാനം നൽകിയ എ.കെ.സാജൻ ഐ.വി. ശശിയുമായി ഒത്തുചേരുന്നത് പ്രേക്ഷകരുടെ പ്രതീക്ഷയും വർധിപ്പിച്ചിരിക്കുന്നു. ശ്രീചക്രാ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്.
വില്ലൻ കഥാപാത്രങ്ങളിൽ നിന്നും നായക കഥാപാത്രങ്ങളിലേക്ക് സുരേഷ്‌ഗോപിയെ നയിച്ചത് ഐ.വി.ശശി ചിത്രങ്ങളായിരുന്നു. ശശിയുടെ ‘അക്ഷരത്തെറ്റ്’ ആണ് സുരേഷ് നായകനാകുന്ന ആദ്യ ചിത്രം. ബെഡ്‌റൂം സീനുകളിൽ പ്രത്യക്ഷപ്പെടാൻ സൂപ്പർതാരങ്ങൾ വിമുഖത കാണിച്ചപ്പോഴാണ് നായകപദവി വീണു കിട്ടിയത്. മിഥ്യ, അനുഭൂതി തുടങ്ങിയ ചിത്രങ്ങളിലും ശശി മികച്ച കഥാപാത്രങ്ങളെയാണ് താരത്തിന് നൽകിയത്.
രണ്ടാം വരവിൽ ഒട്ടുമിക്ക സംവിധായകരും സുരേഷിനെ നായകനാക്കി ചിത്രങ്ങൾ അനൗൺസ് ചെയ്‌തു കഴിഞ്ഞു. ജയരാജിന്റെ ‘അശ്വാരൂഢനി’ലെ അഭിനയ പ്രധാനമായ വേഷം അവതിരിപ്പിച്ചു വരികയാണ് സൂപ്പർതാരമിപ്പോൾ.
അമരൻ എന്ന ചിത്രത്തിന്റെ കഥ സുരേഷ്‌ഗോപിയുടേതാണ്. ദിലീപ് കഥയെഴുതിയ ‘പച്ചക്കുതിര’ ശ്രദ്ധേയമായതോടെ സൂപ്പർതാരങ്ങൾ കഥകൾ കണ്ടെത്തുന്നതിന്റെ തിരക്കിലാണെന്ന് ചലച്ചിത്ര വൃത്തങ്ങളിൽ സംസാരമുണ്ട്.
Generated from archived content: cinema4_may12_06.html Author: chithra_lekha