സുരേഷ്‌ഗോപിയും മനോജും ഹരിഹരന്റെ നായകർ

ഹരിഹരന്റെ പുതിയ ചിത്രത്തിൽ സുരേഷ്‌ ഗോപിയും മനോജ്‌ കെ.ജയനും പ്രധാന താരങ്ങളാകുന്നു. ഇരുവർക്കും തുല്യപ്രാധാന്യമുളള വേഷങ്ങളാണ്‌. ജൂണിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയ്‌ക്കുശേഷമാണ്‌ ഹരിഹരൻ മമ്മൂട്ടി ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുന്ന ‘പയ്യമ്പിളളി ചന്തു’വിന്റെ പണിപ്പുരയിലേക്ക്‌ കടക്കുന്നത്‌. മാക്‌ട ഫെഡറേഷൻ ചെയർമാൻ ഹരിഹരന്റെ 2006-ലെ ആദ്യ ചിത്രമാണിത്‌. 2005-ൽ മയൂഖം മാത്രമാണ്‌ ഹരിഹരന്റേതായി പുറത്തുവന്നത്‌. മയൂഖം നായിക മംമ്‌ത മോഹൻദാസ്‌ മലയാളത്തിലെ ഒന്നാംനിര നായികയായി ഉയർന്നു കഴിഞ്ഞു.

സുരേഷ്‌ഗോപിയുടെയും മനോജ്‌ കെ.ജയന്റെയും കരിയറിൽ നിർണായകങ്ങളാണ്‌ ഹരിഹരൻ ചിത്രങ്ങൾ. പെരുന്തച്ചൻ അടക്കം വിരലിലെണ്ണാവുന്ന ചിത്രങ്ങൾ പൂർത്തിയാക്കിയ മനോജിനെ പ്രേക്ഷകർ അംഗീകരിച്ചത്‌ ഹരിഹരൻ ‘സർഗ’ത്തിനുവേണ്ടി മെനഞ്ഞെടുത്ത കുട്ടൻ തമ്പുരാനിലൂടെയായിരുന്നു. കുട്ടൻ തമ്പുരാൻ തന്നെയാണ്‌ മനോജിന്റെ എക്കാലത്തേയും മികച്ച കഥാപാത്രം. സന്തോഷ്‌ ശിവന്റെ ‘അനന്തഭദ്രം’, അൻവർ റഷീദിന്റെ ‘രാജമാണിക്യം’ എന്നിവയിലൂടെ ജനപ്രീതി തിരിച്ചു പിടിച്ച മനോജിന്‌ ഗുരുനാഥന്റെ ചിത്രം അനുഗ്രഹമായേക്കും.

വില്ലൻ വേഷങ്ങളിൽ തുടങ്ങിയ സുരേഷ്‌ ഗോപിക്ക്‌ ആദ്യമായി എം.ടി. കഥാപാത്രം വച്ചുനീട്ടിയത്‌ ഹരിഹരനാണ്‌. ‘ഒരു വടക്കൻ വീരഗാഥ’യിൽ ആരോമൽ ചേകവരായി മികച്ച പ്രകടനവും ഈ നടൻ കാഴ്‌ചവെച്ചു. വർഷങ്ങളുടെ ഇടവേളക്കുശേഷമാണ്‌ സുരേഷ്‌ ഹരിഹരന്റെ നായകനാകുന്നത്‌. ഇതിനിടെ ‘പ്രേംപൂജാരി’യിൽ ഒരു ഗാനരംഗത്ത്‌ സുരേഷ്‌ഗോപിയായി തന്നെ പ്രത്യക്ഷപ്പെട്ടു. രണ്ടാംവരവിൽ വ്യത്യസ്‌ത കഥാപാത്രങ്ങളായി മാറുന്ന സുരേഷിന്റെ പുതിയ റിലീസ്‌ ‘ലങ്ക’യാണ്‌. എ.കെ.സാജന്റെ ‘ലങ്ക’യിൽ ഹരിഹരന്റെ കണ്ടുപിടിത്തമായ മംമ്‌തയാണ്‌ നായിക. ‘ലങ്ക’യുടെ റിലീസിംഗോടെ മലയാളത്തിൽ മാറ്റങ്ങളുടെ തുടക്കമാകും എന്നും സംസാരമുണ്ട്‌.

Generated from archived content: cinema4_mar8_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English