ചേരൻ സംവിധാനം ചെയ്യുന്ന ‘മായക്കണ്ണാടി’യിൽ ശ്രീനിവാസൻ പ്രധാന കഥാപാത്രമാകുന്നു. മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞ ശ്രീനിവാസൻ തമിഴിൽ അരക്കൈ നോക്കാൻ തന്നെയാണ് തീരുമാനം. നവ്യാനായർ, നായികയാകുന്ന ചിത്രത്തിൽ തികച്ചും വ്യത്യസ്‌തമായ പ്രമേയമാണ് ചേരൻ കൈകാര്യം ചെയ്യുന്നത്. ഓട്ടോഗ്രാഫ്, തവമായ് തവമിരുന്ത് എന്നീ ഹിറ്റുകൾക്കുശേഷം ചേരൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രാധാന്യവും ‘മായക്കണ്ണാടി’ക്കുണ്ട്.
ചേരന്റെ നായികയായി നവ്യ പ്രത്യക്ഷപ്പെടുന്നത് ഇതു രണ്ടാം പ്രാവശ്യമാണ്. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്‌ത ‘ആടുംകൂത്ത്’ ആണ് ആദ്യചിത്രം. ഈ ചിത്രത്തിന്റെ സെറ്റിൽ നവ്യയുടെ അഭിനയനൈപുണ്യം കണ്ടറിഞ്ഞ ചേരൻ പുതിയ ചിത്രത്തിൽ നായികാമാറ്റം വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.
വി.എം.വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനിവാസനാണ് നായകൻ. ടി.ദാമോദരൻ തിരക്കഥയൊരുക്കുന്ന ഈ സിനിമയിൽ അഭിഭാഷകനായാണ് ശ്രീനി വേഷം മാറുന്നത്. വിനയന്റെ ‘ബോയ്‌ഫ്രണ്ട്’ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് ശ്രീനിക്ക് തിരിച്ചടിയായിരുന്നു. മകൻ വിനീത് പിന്നണി ഗായകനെന്ന നിലയിൽ തിളങ്ങിയ പോയവർഷം ശ്രീനിക്ക് അഭിനയപ്രധാനമായ വേഷങ്ങളൊന്നും ലഭിച്ചില്ല.
Generated from archived content: cinema4_mar15_06.html Author: chithra_lekha