മോഹൻലാലിന്റെ രണ്ടു ചിത്രങ്ങളിൽ നായികനിരയിൽ സ്ഥാനം പിടിച്ചതോടെ, മലയാളത്തിൽ സജീവമാകാൻ ലക്ഷ്‌മി ഗോപാലസ്വാമി തയ്യാറെടുക്കുന്നു. മേജർ രവിയുടെ ‘കീർത്തിചക്ര’യിൽ മോഹൻലാലിന്റെ ഭാര്യാവേഷമാണ്. ഫ്‌ളാഷ്‌ബാക്ക് രംഗങ്ങളിൽ വന്നുപോകുന്ന കഥാപാത്രമാണെങ്കിലും ചിത്രത്തിൽ മോഹൻലാലിന്റെ ജോഡിയാകാനുളള ഭാഗ്യം ലക്ഷ്‌മിക്കു മാത്രം. ഗോപികയും റീമാസെന്നും നായികമാരായുളള ‘കീർത്തിചക്ര’ ജൂലൈ 14ന് തിയേറ്ററുകളിലെത്തും.
പി.ടി. കുഞ്ഞുമുഹമ്മദിന്റെ ‘പരദേശി’ ലക്ഷ്‌മി ആദ്യമായി മുസ്ലീം വേഷം അവതരിപ്പിക്കുന്ന ചിത്രം എന്ന നിലയിൽ ശ്രദ്ധേയമാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന വലിയകത്ത് മൂസയുടെ കസിൻ ഖദീജയാണ് കഥാപാത്രം. മൂസയുടെ പ്രണയിനിയായിരുന്ന ഖദീജ ഒരു ഗായിക കൂടിയാണ്. വിധിവൈപരീത്യം കൊണ്ട് മറ്റൊരാളുടെ ഭാര്യയായി നരകയാതന അനുഭവിക്കേണ്ടി വരുന്ന ഖദീജ ഈ അന്യഭാഷാ നടിയുടെ കരിയറിൽ നിർണായകമായേക്കും. വിനയൻ ചിത്രത്തിൽ അമ്മവേഷം കെട്ടിയതോടെ നായികനിരയിൽ തിരിച്ചെത്തില്ലെന്ന് ചലച്ചിത്രലോകം വിധിയെഴുതിയിരിക്കെയാണ് ലക്ഷ്‌മിഗോപാലസ്വാമി ശക്തമായി തിരിച്ചെത്തിയിട്ടുളളത്.
‘അരയന്നങ്ങളുടെ വീട്ടി’ൽ മമ്മൂട്ടിയുടെ നായികയായി സംവിധായകൻ ബ്ലെസിയാണ് ലക്ഷ്‌മിയെ മോഡലിംഗ് രംഗത്തുനിന്നും സിനിമയിൽ എത്തിച്ചത്.
Generated from archived content: cinema4_july7_06.html Author: chithra_lekha