‘നഗര’ത്തിലെ സാമൂഹ്യപ്രവർത്തകയിലൂടെ ലക്ഷ്മി ശർമ്മ വീണ്ടും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നു. എം.എ നിഷാദ് ‘പകലി’നു ശേഷം സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അംഗൻവാടി ടീച്ചറെ പക്വതയോടെ സമീപിച്ച ലക്ഷ്മിയെ തേടി നിരവധി ഓഫറുകൾ എത്തുന്നുണ്ട്. അനീതിയെ എതിർക്കുന്ന കഥാപാത്രത്തെ തനിക്കേറെ ഇഷ്ടമായെന്ന് ലക്ഷ്മി പറയുന്നു. മലയാളത്തിൽ സജീവമാകാനാണ് മറുനാടൻ നായികയുടെ താല്പര്യം.
മലയാളത്തിൽ ഏറെ തിളങ്ങാൻ കഴിയുമെന്ന് ലക്ഷ്മി ഉറച്ചുവിശ്വസിക്കുന്നു. ശ്രീവിദ്യയുമായുള്ള രൂപസാദൃശ്യം തുണയാകുമെന്ന് സഹതാരങ്ങൾ ഓർമ്മപ്പെടുത്തിയിരുന്നു. ശ്രീവിദ്യയ്‌ക്ക് ഒരു മകളുണ്ടായിരുന്നെങ്കിൽ അതിന് തന്റെ മുഖമായിരിക്കുമെന്ന് സൂപ്പർതാരം ചിരഞ്ജീവി പറഞ്ഞത് അഭിമാനമായി താരം കരുതുന്നു.
മലയാള സിനിമയോടും സിനിമാ ഗാനങ്ങളോടും താല്പര്യം പുലർത്തുന്ന ലക്ഷ്മിയെ ‘പളുങ്കി’ൽ മമ്മൂട്ടിയുടെ ജോഡിയായി സംവിധായകൻ ബ്ലെസിയാണ് പ്രേക്ഷകർക്കു മുന്നിലെത്തിച്ചത്. ‘തന്മാത്ര’യിൽ മോഹൻലാലിന്റെ നായികയായി ആദ്യം പരിഗണിക്കപ്പെട്ടതും ലക്ഷ്മിയായിരുന്നു. പിന്നീട് ആ റോൾ മീരാ വാസുദേവിനാണ് ലഭിച്ചത്.
Generated from archived content: cinema4_july6_07.html Author: chithra_lekha