ശ്രീനിവാസനു വേണ്ടി മകൻ വിനീത് ശ്രീനിവാസൻ ആലപിച്ച അറബിക്കഥയിലെ ഗാനവും ഹിറ്റാകുന്നു. ‘താരകമലരുകൾ വിടരും…’ എന്നു തുടങ്ങുന്ന ഗാനം സുജാതക്കൊപ്പമാണ് വിനീത് പാടിയിരിക്കുന്നത്. ചിത്രത്തിലെ മൂന്നു ഗാനങ്ങളിൽ ഏറെ ശ്രദ്ധേയം ഈ യുഗ്മഗാനം തന്നെ. വിനീതിന്റെ ഭാവാർദ്രമായ ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്ന പ്രണയ രംഗങ്ങൾ പ്രേക്ഷകരിൽ വീണ്ടും കൗതുകമുണർത്തുകയാണ്. നവാഗതനായ ബിജിപാൽ ആണ് ‘അറബിക്കഥ’യിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയാണ്.
‘ഉദയനാണ് താരം’ എന്ന ചിത്രത്തിലെ ‘കരളേ കരളിന്റെ കരളേ…’ എന്ന ഗാനമാണ് ശ്രീനിവാസനുവേണ്ടി വിനീത് പിന്നണി പാടിയ ആദ്യഗാനം. ദീപക്‌ദേവ് ഈണം പകർന്ന ഗാനം റിമി ടോമിയുമായി ചേർന്നാണ് യുവഗായകൻ ആലപിച്ചത്. ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘യെസ് യുവർ ഓണർ’ എന്ന വി.എം വിനു ചിത്രവും ഇത്തരത്തിൽ ശ്രദ്ധേയമായി.
പിന്നണിഗാന രംഗത്തുനിന്നു അഭിനയരംഗത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്ന വിനീത് ശ്രീനിവാസന് കൈനിറയെ അവസരങ്ങളാണിപ്പോൾ. സൂപ്പർതാരങ്ങൾ മുതൽ പുതുമുഖ നായകർ വരെ തങ്ങളുടെ ചിത്രങ്ങളിലേക്ക് വിനീതിനെ ശുപാർശ ചെയ്യുകയാണത്രേ.
Generated from archived content: cinema4_july11_07.html Author: chithra_lekha