ഹരിദാസ് സംവിധാനം ചെയ്യുന്ന ‘റെഡി’ലൂടെ രംഭ വീണ്ടും മലയാളത്തിലെത്തുന്നു. ഇക്കുറി കലാഭവൻ മണിയുടെ നായികയായിട്ടാണ് ഗ്ലാമർ റാണി അഭിനയിക്കുന്നത്. എ.കെ.സാജൻ രചന നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ശക്തമായ കഥാപാത്രമാണ് രംഭക്ക്. സൂപ്പർഹിറ്റ് ചിത്രം ‘ക്രോണിക് ബാച്ചിലറി’ൽ മമ്മൂട്ടിയുടെ നായികയായി തിരിച്ചുവരവ് നടത്തിയ രംഭ ‘മയിലാട്ട’ത്തിലൂടെയാണ് ഒടുവിൽ മലയാളത്തിലെത്തിയത്.
ആശിഷ് വിദ്യാർഥി, നെപ്പോളിയൻ, വിജയകുമാർ, രാജൻ പി.ദേവ്, സായികുമാർ, വിജയരാഘവൻ, സുബൈർ, മാമുക്കോയ, നിത്യാദാസ്, പൂർണിമ, കെ.പി.എ.സി. ലളിത എന്നിവരും ‘റെഡി’ലെ പ്രധാനതാരങ്ങളാണ്. ഷാജി ഛായാഗ്രഹണവും രഞ്ഞ്‌ജൻ എബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു.
അമൃത എന്ന പേരിൽ ഹരിഹരന്റെ ‘സർഗ്ഗ’ത്തിലൂടെ അഭിനയരംഗത്തെത്തിയ രംഭ വിരലിലെണ്ണാവുന്ന മലയാള ചിത്രങ്ങളിൽ മാത്രമെ അഭിനയിച്ചിട്ടുളളു. സഹകരിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു എന്നതു ശ്രദ്ധേയമാണ്. കലാഭവൻ മണിയുടെ നായികയായി ആദ്യമായാണ് രംഭ വേഷമിടുന്നത്.
Generated from archived content: cinema4_jan4_06.html Author: chithra_lekha