മേജർ രവി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കീർത്തി ചക്ര’യിൽ മംമ്‌താ മോഹൻദാസും ഗോപികയും മോഹൻലാലിന്റെ നായികമാരാകുന്നു. ഇതാദ്യമായാണ് യുവനായികമാരിൽ ശ്രദ്ധേയരായ മംമ്‌തയും ഗോപികയും ലാലിന്റെ ജോഡിയായി പ്രത്യക്ഷപ്പെടുന്നത്. മാർച്ച് 24-ന് ആരംഭിക്കുന്ന ഈ സിനിമയുടെ പ്രധാന ലൊക്കേഷനുകൾ കാശ്‌മീരും കാർഗിലുമാണ്. സംഭവകഥയുടെ അഭ്രാവിഷ്‌കാരമായ ‘കീർത്തിചക്ര’യിൽ ബിജുമേനോൻ, കലാഭവൻ മണി, ഇന്നസെന്റ് എന്നിവരും പ്രധാന താരങ്ങളാണ്. നയൻതാരക്കു പകരക്കാരിയായാണ് മംമ്‌ത ഈ പ്രോജക്‌ടിൽ കയറിക്കൂടിയിട്ടുളളത്. സത്യൻ അന്തിക്കാട് ചിത്രവും മഹാസമുദ്രവും പൂർത്തിയാക്കിയശേഷം മോഹൻലാൽ ‘കീർത്തിചക്ര’യിൽ ജോയിൻ ചെയ്യും.
സത്യൻ ചിത്രത്തിൽ മരപ്പണിക്കാരൻ പ്രേമചന്ദ്രനെ അവതരിപ്പിക്കുകയാണ് സൂപ്പർതാരമിപ്പോൾ. ഗ്രാമഭംഗിയുടെ നിറച്ചാർത്ത് അതിമനോഹരമായി ബിഗ്‌സ്‌ക്രീനിൽ പ്രതിഫലിപ്പിക്കുന്ന ഈ സിനിമയിൽ മീരാ ജാസ്‌മിൻ ആദ്യമായി ലാലിന്റെ നായികയാകുകയാണ്. വാല്യക്കാരിയായി ജീവിതം കഴിച്ചുകൂട്ടുന്ന കൺമണി മീരയുടെ കരിയറിൽ വ്യത്യസ്തമായ കഥാപാത്രമാണ്. കൺമണിയോട് പ്രേമചന്ദ്രനു തോന്നുന്ന അലിവ് പ്രണയത്തിലേക്ക് വഴിമാറുന്നത് ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണ് സത്യൻ അവതരിപ്പിക്കുന്നത്.
ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും.
Generated from archived content: cinema4_jan25_06.html Author: chithra_lekha