രണ്ടാം വരവിൽ ഉപനായകവേഷങ്ങളിൽ തിളങ്ങിയ റഹ്‌മാൻ വീണ്ടും നായക പദവിയിലേക്ക്. പുതുമുഖ സംവിധായകൻ സുരേഷ് കെ.നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഹൃദയംഗമം’ എന്ന സിനിമയിൽ മീനാക്ഷിയാണ് റഹ്‌മാന്റെ ജോഡി. ബ്ലാക്കിലെ ‘അമ്പലക്കര….’ എന്ന ഗാനരംഗത്ത് ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷേ ആ ചിത്രത്തിൽ ഗാനരംഗത്ത് മാത്രമാണ് മീനാക്ഷി അഭിനയിച്ചത്.
ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്‌ണൻ, നെടുമുടി വേണു, സുകുമാരി, സോനാ നായർ എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെറിയൊരു ഇടവേളക്കുശേഷം യൂസഫലി കേച്ചേരി ഗാനരചനാരംഗത്ത് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.
തമിഴിൽ അവസരങ്ങൾ കുറഞ്ഞ റഹ്‌മാൻ മലയാളത്തിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തമിഴകം യുവനായകർ കയ്യടക്കിയതോടെ റഹ്‌മാനെ പോലുളള നായകരുടെ പ്രസക്തി ഇല്ലാതായിരിക്കുകയാണ്. വിവാഹശേഷം മീനാക്ഷി അഭിനയിക്കുന്ന മലയാള ചിത്രമാണ് ഹൃദയംഗമം.
ഡോ.എസ്.ജനാർദ്ദനന്റെ സിനിമാ പ്രവേശമായ ‘മഹാസമുദ്ര’ത്തിലും റഹ്‌മാന് ശ്രദ്ധേയമായ റോളാണ്. മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തിരുവനന്തപുരത്ത് പൂർത്തിയായി. സുജാ കാർത്തികയാണ് ‘മഹാസമുദ്ര’ത്തിൽ റഹ്‌മാന്റെ ജോഡി.
Generated from archived content: cinema4_feb8_06.html Author: chithra_lekha