കെ.മധുവിന്റെ പുതിയ ചിത്രമായ ‘പതാക’യിൽ നവ്യാനായരും രേണുകമേനോനും സുരേഷ്‌ഗോപിയുടെ നായികമാരാകുന്നു. ആദ്യമായാണ് ഇരുവരും സുരേഷ്‌ഗോപിയുടെ ജോഡിയാകുന്നത്. ‘നേരറിയാൻ സി.ബി.ഐ’ക്കുശേഷം കെ.മധു സംവിധാനം ചെയ്യുന്ന ‘പതാക’ റോബിൻ തിരുമല രചിക്കുന്നു. തിരുവനന്തപുരത്തും എറണാകുളത്തുമായി ചിത്രീകരണം പൂർത്തിയാകുന്ന ഈ സിനിമ മാർച്ച് ഒന്നിന് ആരംഭിക്കും.
രണ്ടാം വരവിൽ കൈനിറയെ ചിത്രമുളള സുരേഷ്‌ഗോപി ‘ചിന്താമണി കൊലക്കേസ്’ പൂർത്തിയാക്കിയാണ് ‘പതാക’യുടെ സെറ്റിലെത്തുന്നത്. ആർട്ട് ചിത്രങ്ങളുടെ തിരക്കിൽപ്പെട്ട് മുഖ്യധാരാ ചിത്രങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന നവ്യാനായർക്ക് ‘പതാക’ നിർണായകമാണ്. അമ്മാവൻ കെ.മധു തന്നെ കമേഴ്‌സ്യൽ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് ഒരുക്കുന്നത് യാദൃച്ഛികമാകാം. മമ്മൂട്ടിയുടെ ‘സേതുരാമയ്യർ സി.ബി.ഐ.’ മോഹൻലാലിന്റെ ‘ചതുരംഗം’ എന്നിവയാണ് നവ്യ ഇതിനുമുമ്പ് സഹകരിച്ച കെ.മധു ചിത്രങ്ങൾ.
പത്മകുമാർ സംവിധാനം ചെയ്യുന്ന ‘വർഗ’ത്തിൽ പൃഥ്വിരാജിന്റെ നായികയായി മലയാളത്തിൽ തിരിച്ചെത്തിയ രേണുകാമേനോനും സുരേഷ്‌ഗോപിയുടെ നായികാപദം തുണയാകും. സൗന്ദര്യത്തിൽ മറ്റാർക്കും പിന്നിലല്ലാത്ത ഈ യുവനായിക നിർഭാഗ്യം കൊണ്ടാണ് മലയാളത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയത്. ആദ്യം പുറത്തിറങ്ങിയ ‘നമ്മൾ’ എന്ന കമൽ ചിത്രം മാത്രമാണ് രേണുകയുടെ ഹിറ്റ്. പിന്നീട് വന്ന ചിത്രങ്ങളെല്ലാം പരാജയത്തിന്റെ രുചിയറിഞ്ഞു.
Generated from archived content: cinema4_feb22_06.html Author: chithra_lekha