വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങൾക്കിടയിൽ മോഹൻലാൽ

തികച്ചും വ്യത്യസ്‌തമായ രണ്ടു കഥാപാത്രങ്ങളിലൂടെയാണ്‌ നടൻ മോഹൻലാൽ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്‌. മേജർ രവി, ഡോ.എസ്‌. ജനാർദ്ദനൻ എന്നീ നവാഗതരുടെ ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിക്കാവുന്ന കഥാപാത്രങ്ങളാണ്‌ ജനനായകന്‌.

ഡോ.എസ്‌. ജനാർദ്ദനന്റെ ‘മഹാസമുദ്ര’ത്തിലെ ഇസഹാക്കിനെ ഉൾക്കൊളളാൻ ഒട്ടേറെ ശാരീരികാധ്വാനം താരത്തിനു വേണ്ടിവന്നു. 40 കിലോമീറ്റർ അകലെയുളള ഉൾക്കടലിൽ ഡ്യൂപ്പിനെ ആശ്രയിക്കാതെ ലാൽ ചിത്രീകരണത്തിൽ പങ്കെടുത്തത്‌ അണിയറ പ്രവർത്തകരെ വിസ്‌മയപ്പെടുത്തി. കടുത്ത വേനലിൽ കടലിനുളളിലെ ചിത്രീകരണം നായകന്റെ ശരീരസൗന്ദര്യത്തെ പ്രതികൂലമായി ബാധിച്ചത്രേ. കഥാപാത്രത്തിന്റെ പൂർണതക്കായി എന്തും സഹിക്കുന്ന മോഹൻലാൽ ജോഷിയുടെ ‘നരൻ’ എന്ന ചിത്രത്തിനുവേണ്ടിയാണ്‌ ഒടുവിൽ ഇത്തരത്തിൽ ‘റിസ്‌ക്‌’ എടുത്തത്‌. ചീങ്കണ്ണികളെ കൊണ്ടു നിറഞ്ഞ പുഴയിൽ അണിയറക്കാരുടെ വിലക്ക്‌ മറികടന്നാണ്‌ ലാൽ ഇറങ്ങിയത്‌.

‘കീർത്തിചക്ര’യിൽ മേജർ മഹാദേവനെ അവതരിപ്പിച്ചു വരികയാണ്‌ താരമിപ്പോൾ. ഈ ചിത്രത്തിലും സാഹസികമായ രംഗങ്ങൾ നായകനെ തേടിയെത്തിയിട്ടുണ്ട്‌. ശ്രീനഗറിലെ പട്ടാളക്യാമ്പ്‌ ഓഫീസാണ്‌ പ്രധാന ലൊക്കേഷൻ. തീവ്രവാദികൾക്കെതിരെ പോരാടുന്ന കമാൻഡോകളുടെ തലവനാണ്‌ മേജർ മഹാദേവൻ. ചുറുചുറുക്കുളള ഒരുപറ്റം ചെറുപ്പക്കാരെയാണ്‌ അദ്ദേഹം നയിക്കുന്നത്‌. കൂട്ടത്തിൽ ഏറെയിഷ്‌ടം ഹവിൽദാർ ജയകുമാറിനോട്‌. ഇവർ തമ്മിലുളള ആത്മബന്ധത്തിന്റെ കഥകൂടിയാണ്‌ ‘കീർത്തിചക്ര’. ലാൽ മേജർ മഹാദേവനാകുമ്പോൾ, ഹവിൽദാറായി എത്തുന്നത്‌ തമിഴ്‌നടൻ ജീവ. ശ്രീനഗറിലെ ചിത്രീകരണം ഉടൻ പൂർത്തിയാകും. തുടർന്ന്‌ ചില രംഗങ്ങൾ പൊളളാച്ചിയിലും കേരളത്തിലുമായി ചിത്രീകരിക്കും. ആർ.ബി.ചൗധരി നിർമിക്കുന്ന ‘കീർത്തിചക്ര’ സൂപ്പർ ഗുഡ്‌ ജൂലൈ നാലിന്‌ തീയറ്ററുകളിലെത്തിക്കും.

Generated from archived content: cinema3_may3_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here