ജയസൂര്യ പ്രതീക്ഷ നൽകുന്ന കഥാപാത്രങ്ങൾ ലഭിച്ചതിന്റെ ത്രില്ലിലാണ്. സുരേഷ് പാലഞ്ചേരി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രം ജയനാണ്. കമൽ, ലോഹിതദാസ്, ഹരികുമാർ, സുന്ദർദാസ് എന്നീ മുൻനിര സംവിധായകർക്കൊപ്പം സഹകരിച്ച പരിചയവുമായാണ് സുരേഷ് സംവിധായക മേലങ്കി അണിയുന്നത്. ഗോപികയാണ് നായിക. ജഗതി, നെടുമുടിവേണു, മച്ചാൻവർഗീസ്, കെ.പി.എ.സി ലളിത എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ സംഗീതം കൈതപ്രം വിശ്വനാഥിന്റേതാണ്.
ഗോപികയുടെ ആദ്യനായകൻമാരിൽ ഒരാളാണ് ജയസൂര്യ. തുളസീദാസിന്റെ ‘പ്രണയമണിത്തൂവൽ’ സാമ്പത്തികമായി പരാജയമായത് പിന്നീട് ഇവരുടെ ജോഡി ചേരലിന് വിഘാതമായി.
ജയസൂര്യ പുതുമുഖമായിരുന്നപ്പോഴാണ് തുളസീദാസ് ‘പ്രണയമണിത്തൂവൽ’ ഒരുക്കിയത്. ഗോപിക നമ്പർ വൺ നായികയായി ഉയർന്നതോടെ രണ്ടാംനിരക്കാരുടെ ചിത്രങ്ങളിൽ ഉൾപ്പെടുന്നത് അപൂർവമായി. സൂപ്പർതാര ചിത്രങ്ങളിലേക്ക് പരിഗണിക്കപ്പെടുന്ന നായികമാരിൽ പ്രധാനിയായി മാറിക്കഴിഞ്ഞു സുന്ദരി.
വിവാഹശേഷം സ്വന്തം നിലയിൽ ഹിറ്റ് നൽകാൻ കഴിയാത്ത ജയസൂര്യക്ക് ഈ ചിത്രം നിർണായകമാണ്. ക്യാമ്പസ് കഥ പറയുന്ന ‘ക്ലാസ്‌മേറ്റ്‌സി’ൽ നാലുനായകരിൽ ഒരാളാണ് യുവതാരം. ക്യാമ്പസിൽ ചിരിയരങ്ങ് സൃഷ്‌ടിക്കുന്ന കഥാപാത്രമാണ് ജയന്.
Generated from archived content: cinema3_may30_06.html Author: chithra_lekha