സെവൻ ആർട്‌സിന്റെ ലോഹിതദാസ്-ജയറാം ചിത്രത്തിൽ കാവ്യാ മാധവന് മികച്ച വേഷം. സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ് കാവ്യ ആദ്യം ജയറാമിന്റെ ജോഡിയായത്. ചിത്രം സൂപ്പർ ഹിറ്റായിരുന്നുവെങ്കിലും എന്തുകൊണ്ടോ പിന്നീട് ആ ജോഡി ഒന്നിച്ചില്ല. ജയറാം നായകനായി അഭിനയിച്ച പൂക്കാലം വരവായി എന്ന കമൽ ചിത്രത്തിൽ ബാലതാരമായാണ് കാവ്യ സിനിമയിലെത്തിയത്. വിനയന്റെ അതിശയൻ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ ആവിഷ്‌ക്കരിച്ചശേഷമാണ് കാവ്യ വീണ്ടും ജയറാമിന്റെ നായികാവേഷം കെട്ടുന്നത്. ലോഹിതദാസിന്റെ എല്ലുറപ്പുളള സ്‌ത്രീകഥാപാത്രങ്ങളെ ഉൾക്കൊളളാൻ ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത കാവ്യക്ക് പുതിയ ചിത്രം വഴിത്തിരിവായേക്കും. മീരാ ജാസ്‌മിൻ ലോഹിയുടെ സ്ഥിരം നായികയായതോടെ കാവ്യയെപോലുളള യുവനായികമാർക്ക് പ്രസക്തി നഷ്‌ടമാകുകയായിരുന്നു. മീര ഗുരുനാഥനോട് ഇടഞ്ഞതോടെയാണ് കാവ്യക്ക് ലോഹിതദാസ് ചിത്രത്തിൽ കയറിപ്പറ്റാൻ കഴിഞ്ഞത്.
പുതുമുഖ ബാലതാരം മുഖ്യവേഷത്തിലെത്തുന്ന അതിശയൻ കാവ്യയുടെ കരിയറിൽ നിർണായകമാണ്. അനാഥമന്ദിരത്തിന്റെ നടത്തിപ്പുകാരിയായ പത്രപ്രവർത്തകയുടെ വേഷമാണ് കാവ്യക്ക് വിനയൻ നൽകിയിരിക്കുന്നത്. മലയാളത്തിൽ പത്രപ്രവർത്തക പ്രധാന കഥാപാത്രമാകുന്ന ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി എത്തിക്കൊണ്ടിരിക്കുകയാണ്. നവ്യ നായർ (സൈറ), ഗോപിക (ദി ടൈഗർ), കാർത്തിക (കനൽക്കണ്ണാടി) എന്നിവരാണ് കാവ്യക്കുമുമ്പ് ജേർണലിസ്‌റ്റിന്റെ മാനസിക സംഘർഷങ്ങൾ ഉൾക്കൊണ്ട യുവനായികമാർ.
Generated from archived content: cinema3_mar1_06.html Author: chithra_lekha