‘പരദേശി’ മോഹൻലാൽ; മീനയും ഖുശ്‌ബുവും നായികമാരാകും

പി.ടി.കുഞ്ഞുമുഹമ്മദ്‌ സംവിധാനം ചെയ്യുന്ന ‘പരദേശി’ മോഹൻലാലിന്റെ കൈകളിലേക്ക്‌. മമ്മൂട്ടി പ്രോജക്‌ടിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ്‌ ശക്തമായ കഥാപാത്രം മോഹൻലാലിന്‌ ലഭിച്ചിരിക്കുന്നത്‌. പാക്കിസ്ഥാൻ പൗരത്വവുമായി മലപ്പുറത്തു ജീവിക്കേണ്ടിവരുന്ന വൃദ്ധന്റെ ദുരനുഭവങ്ങളാണ്‌ പി.ടി.കുഞ്ഞുമുഹമ്മദ്‌ ‘പരദേശി’യിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്‌. മോഹൻലാൽ മുസലിയാരുടെ വേഷം കെട്ടുന്ന ചിത്രത്തിൽ മീനയും ഖുശ്‌ബുവുമാണ്‌ നായികമാർ. ‘ചന്ദ്രോത്സവ’ത്തിനുശേഷം ഇരുവരും മറ്റൊരു മോഹൻലാൽ ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്‌. മുരളിയും മുഖ്യവേഷത്തിലഭിനയിക്കും.

പ്രായമേറിയ കഥാപാത്രമായി പ്രത്യക്ഷപ്പെടാൻ വിമുഖതയുളളതുകൊണ്ടാണത്രേ മമ്മൂട്ടി ‘പരദേശി’യിൽ നിന്നും പിൻവലിഞ്ഞത്‌. ഇതേ തുടർന്ന്‌ ഈ പ്രോജക്‌ട്‌ വഴിയിലുപേക്ഷിച്ച സംവിധായകൻ നാളുകൾക്കുശേഷം മോഹൻലാലുമായി നടത്തിയ കൂടിക്കാഴ്‌ചയാണ്‌ വഴിത്തിരിവായതത്രേ.

സത്യൻ അന്തിക്കാടിന്റെ ‘രസതന്ത്രം’ പൂർത്തിയാക്കിയ മോഹൻലാൽ ഡോ.എസ്‌.ജനാർദ്ദനന്റെ ‘മഹാസമുദ്രം’ തീർക്കാനുളള തിരക്കിലാണിപ്പോൾ. ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം തിരുവനന്തപുരത്താരംഭിച്ചു. ലൈലയാണ്‌ നായിക.

വിജി തമ്പിയുടെ ‘കനൻ’ ആണ്‌ പുതിയ പ്രോജക്‌ട്‌. മെയ്‌ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയിൽ പത്മപ്രിയയാണ്‌ നായിക. വടക്കുംനാഥനുശേഷം ഈ ജോഡി ഒന്നിക്കുന്ന ചിത്രം സെവൻ ആർട്‌സ്‌ ആണ്‌ നിർമിക്കുന്നത്‌. ഇന്നസെന്റ്‌, ജഗതി, ജഗദീഷ്‌, സിദ്ദിഖ്‌ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്‌ വയലാർ ശരത്‌ചന്ദ്രവർമ-എം.ജയചന്ദ്രൻ ടീമാണ്‌. പാലക്കാടാണ്‌ പ്രധാന ലൊക്കേഷൻ.

Generated from archived content: cinema3_mar15_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English