മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘ബിഗ്‌ബി’യിൽ മമ്മൂട്ടിയുടെ അമ്മയായി ബോളിവുഡ് താരവും മോഡലുമായ നഫീസ അലി മലയാളത്തിലെത്തുന്നു. മേരി എന്ന ശക്തമായ കഥാപാത്രത്തെയാണ് നഫീസ അവതരിപ്പിക്കുന്നത്. മനോജ്.കെ.ജയൻ, സിമ്രാന്റെ സഹോദരൻ സമിത്, തമിഴ് നടൻ ബാല എന്നിവരും നഫീസയുടെ മക്കളായി ചിത്രത്തിൽ അഭിനയിക്കുന്നു. ചിൽഡ്രൻസ് സൊസൈറ്റി ചെയർപേഴ്‌സൺ, ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ കഴിവു തെളിയിച്ച നഫീസ തിരഞ്ഞെടുത്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചുവരുന്നത്. മിസ് ഇന്ത്യ പട്ടം ചൂടിയ നഫീസ മോഡലിംഗ് രംഗത്തു നിന്നുമാണ് സിനിമയിലെത്തിയത്. 1979ൽ റിലീസായ ‘ജുനൂൻ’ എന്ന ഹിന്ദി ചിത്രത്തിൽ ശശി കപൂറിനൊപ്പമായിരുന്നു തുടക്കം. അമിതാഭ് ബച്ചന്റെ ‘മേജർസാബി’ൽ പ്രത്യക്ഷപ്പെട്ട് ഏറെ ശ്രദ്ധ നേടി. ‘പോത്തൻവാവ’യിൽ പോപ്പ് ഗായിക ഉഷാ ഉതുപ്പ് മമ്മൂട്ടിയുടെ അമ്മയായി പ്രത്യക്ഷപ്പെട്ട് വാർത്താ പ്രാധാന്യം നേടിയതിനു തൊട്ടുപിന്നാലെയാണ് മറ്റൊരു അന്യഭാഷാക്കാരി മമ്മൂട്ടിയുടെ മാതാവാകാൻ എത്തുന്നത്.
Generated from archived content: cinema3_jan26_07.html Author: chithra_lekha