‘തന്മാത്ര’യിൽ പക്വമതിയായ അമ്മയായും ഭാര്യയായും മികച്ച പ്രകടനം കാഴ്‌ചവെച്ച മീരാ വാസുദേവൻ ശ്രദ്ധേയയാകുന്നു. മലയാളത്തിലെ മുൻനിര സംവിധായകരെല്ലാം മീരയെ പുതിയ ചിത്രങ്ങളിൽ സഹകരിപ്പിക്കാനുളള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. പതിനെട്ടു വയസുകാരന്റെ അമ്മ വേഷമാണെന്നറിഞ്ഞ് ആദ്യമൊന്നു ഞെട്ടിയെങ്കിലും ‘തന്മാത്ര’യുടെ കഥ കേട്ട മീര പൂർണ സമ്മതം അറിയിക്കുകയായിരുന്നു. 24കാരിയായ മോഡൽ സുന്ദരി പക്വമായ രൂപഭാവങ്ങളിലാണ് ലേഖ എന്ന വീട്ടമ്മയായി മലയാളി പ്രേക്ഷകർക്കു മുന്നിലെത്തിയത്.
ഒരു തമിഴ് ചിത്രത്തിലാണ് ഈ അയ്യങ്കാർ പെൺകുട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ‘റൂൾസ്’ എന്ന സിനിമയിലൂടെ ബോളിവുഡിൽ സാന്നിധ്യമറിയിച്ച മീര ഇതിനകം രണ്ട് തമിഴ് ചിത്രങ്ങളിൽ സഹകരിച്ചു.
മോഹൻലാലിനൊപ്പം നായികയായി പ്രത്യക്ഷപ്പെടാനായതിൽ ഏറെ സന്തുഷ്‌ടയാണ് ഈ മറുനാടൻ നായിക. ബോൾഡും സംസാരപ്രിയയുമായ തനിക്ക് ലേഖയെപ്പോലെ ഉൾവലിഞ്ഞ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞത് സംവിധായകൻ ബ്ലെസിയുടെ പ്രോത്സാഹനം കൊണ്ടാണെന്നാണ് മിര പറയുന്നത്. സോഷ്യോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവ ഐഛിക വിഷയമായെടുത്ത് ബിരുദം സ്വന്തമാക്കിയ ഈ നായിക മോഡലിംഗ് രംഗത്തും തിരക്കിലാണിപ്പോൾ.
Generated from archived content: cinema3_jan11_06.html Author: chithra_lekha