മീശമാധവൻ എന്ന വൻ ഹിറ്റിനുശേഷം ലാൽജോസും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ‘രസികൻ’. ദളവാ തെരുവിലെ ശിവൻകുട്ടിയെന്ന മോഹൻലാൽ ആരാധകനായാണ് ദിലീപ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ദാരിദ്ര്യം നിറഞ്ഞ ദളവാ തെരുവിലെ ശിവൻകുട്ടിയുടെ ചങ്ങാതിമാരായി ജാങ്കോയും വാസുദേവനും സുധിയും മോഹനുമൊക്കെയുണ്ട്. ക്രോണിക് ബാച്ചിലർ ഫെയിം അനിയപ്പനാണ് ശിവൻകുട്ടിയുടെ വിശ്വസ്തനും ആരാധകനുമായ ജാങ്കോയായി അഭിനയിക്കുന്നത്. മീശമാധവൻ ഫെയിം ദിനേശാണ് മോഹൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാസുദേവനായി മണികണ്‌ഠനും സുധിയായി സിദ്ധാർത്ഥനും അഭിനയിക്കുന്നു.
ദളവാ തെരുവിന്റെ സമീപത്തെ ഫ്ലാറ്റിൽ ഒരു സംഘം കോളേജ് കുമാരിമാർ താമസമാക്കിയതോടെ ദളവാ തെരുവിനുമപ്പുറത്തേക്ക് ശിവൻകുട്ടിയുടെ സംഘത്തിന്റെ യാത്ര തുടങ്ങുകയാണ്. ദാരിദ്ര്യത്തിന്റെ വേവലാതികളിൽനിന്ന് സമ്പന്നതയുടെ മായക്കാഴ്‌ചകളിലേയ്‌ക്കുളള യാത്ര. ഇതിനിടയിലും തന്നെ മനസാ വരിച്ച തങ്കിയെന്ന പാപം പെണ്ണിനെ ശിവൻകുട്ടി മറക്കുന്നില്ല. നായികയായ തങ്കിയെ അവതരിപ്പിക്കുന്നത് പുതുമുഖം സംവൃതയാണ്.
ഇതൊരു കാരിക്കേച്ചർ സിനിമയാണെന്നാണ് തിരക്കഥാകൃത്തിന്റെ വാദം. ഭരത്‌ഗോപിയുടെ മകൻ വി.ജി.മുരളീകൃഷ്‌ണനാണ് തിരക്കഥാകൃത്ത്. സുരേഷ് ട്രിനിറ്റിയാണ് നിർമ്മാതാവ്. ഒട്ടേറെ പുതുമുഖതാരങ്ങൾക്കു പുറമെ സലിംകുമാർ, മാള അരവിന്ദൻ, കലാഭവൻ നാരായണൻകുട്ടി, നിഷാന്ത് സാഗർ എന്നിവരും അഭിനയിക്കുന്നു. ഗിരീഷ് പുത്തഞ്ചേരി -വിദ്യാസാഗർ കൂട്ടായ്‌മയാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രാജീവ് രവി നിർവഹിച്ചിരിക്കുന്നു.
സിനിമാ ആരാധകരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Generated from archived content: cinema3_dec20.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English