‘രാജമാണിക്യം’ വൻ ഹിറ്റായത് സംവിധായകൻ അൻവർ റഷീദിനെ ഡിമാന്റുളള ചലച്ചിത്രകാരനാക്കി മാറ്റുന്നു. മമ്മൂട്ടിയെ വെച്ച് കന്നിച്ചിത്രം ഒരുക്കിയ ഈ യുവസംവിധായകന്റെ അടുത്ത സിനിമയിലെ നായകൻ സൂപ്പർതാരം മോഹൻലാലാണ്. ‘അനന്തഭദ്ര’ത്തിനുശേഷം മണിയൻപിളള രാജു നിർമ്മിക്കുന്ന ചിത്രമായിരിക്കും ഇത്. മോഹൻലാലിന്റെ ഡേറ്റ് ലഭിച്ചശേഷം മാത്രമേ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും നിശ്ചയിക്കൂ.
മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അൻവർ റഷീദ് യുവസംവിധായകർക്കിടയിൽ വ്യത്യസ്‌തനാകുകയാണ്. സംവിധായകൻ രഞ്ഞ്‌ജിത്ത് വഴിമാറിയതോടെയാണ് അൻവർ ‘രാജമാണിക്യ’ത്തിന്റെ അമരക്കാരനായി അവരോധിക്കപ്പെട്ടത്. രഞ്ഞ്‌ജിത്തിന്റെയും നിർമ്മാതാവ് വലിയവീട്ടിൽ സിറാജിന്റെയും പ്രോത്സാഹനമാണ് മലയാളത്തിന് പുതുമുഖ സംവിധായകനെ സമ്മാനിച്ചത്. തുടക്കക്കാരന്റെ പതർച്ചയില്ലാതെ, സൂപ്പർതാരം മമ്മൂട്ടിയെ തികച്ചും വ്യത്യസ്‌തമായ ഗെറ്റപ്പിൽ പ്രേക്ഷകരെകൊണ്ട് അംഗീകരിപ്പിച്ച അൻവറിനെ തേടി ധാരാളം ഓഫറുകൾ എത്തുന്നുണ്ട്. സൂക്ഷ്‌മതയോടെ ചിത്രങ്ങൾ സ്വീകരിക്കാനാണ് ‘രാജമാണിക്യം’ രാജയോഗം സമ്മാനിച്ച ഈ സംവിധായകന്റെ തീരുമാനം. മമ്മൂട്ടി ചിത്രം ‘കാഴ്‌ച’യിലൂടെ ശ്രദ്ധേയനായ ബ്ലെസിയുടെ തന്മാത്ര പൂർത്തിയാക്കിയ ലാൽ ആദ്യ സിനിമയിലൂടെ ഹിറ്റ് ചാർട്ടിൽ ഇടംതേടിയ സംവിധായകനൊപ്പം സഹകരിക്കുന്നത് ചലച്ചിത്രരംഗത്ത് വാർത്തയാകുകയാണ്.
Generated from archived content: cinema3_dec14_05.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English