‘അറബിക്കഥ’യെ തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്യുന്ന ‘മുല്ല’യിൽ ഗോപിക ദിലീപിന്റെ നായികയാകുന്നു. കമലിന്റെ ‘പച്ചക്കുതിര’യ്‌ക്കുശേഷം ഈ ജോഡി ഒന്നിക്കുകയാണ്. ലാൽ ജോസിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ചാന്ത്‌പൊട്ടി’ലൂടെ പിറന്ന ദിലീപ്-ഗോപിക താരജോഡി വീണ്ടും ഇതേ സംവിധായകന്റെ ചിത്രത്തിൽ ഒന്നിക്കുന്നത് വാർത്താ പ്രാധാന്യമർഹിക്കുന്നു.
തികച്ചും വ്യത്യസ്തമായ പ്രമേയം തന്നെയാണ് ‘മുല്ല’യിലൂടെ ലാൽജോസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. പാലക്കാട്, മീനാക്ഷിപുരം എന്നിവടങ്ങളിലായി പൂർത്തിയാകുന്ന ‘മുല്ല’യുടെ ഷൂട്ടിംഗ് ജൂലൈ 15ന് തുടങ്ങും. ‘ജലോൽസവം’ അടക്കമുള്ള സിനിമകൾക്ക് തിരക്കഥ ഒരുക്കിയ സിന്ധുരാജ് രചന നിർവഹിക്കുന്നു. എസ്.ആർ.ടി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ. സുന്ദർരാജും സാഗർ ഷെറീഫും ചേർന്നു നിർമിക്കുന്ന ‘മുല്ല’ ദിലീപിന്റെ റംസാൻ റിലീസാണ്. വിദ്യാ സാഗറിന്റെ ഗാനങ്ങൾ ചിത്രത്തിന്റെ ആകർഷണമായിരിക്കും.
രസികൻ, ചാന്തുപൊട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീപ്-ലാൽജോസ് ടീം ഒന്നിക്കുകയാണ്. തികച്ചും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് ലാൽ ജോസ് അടുത്ത സുഹൃത്തുകൂടിയായ ദിലീപിന് നൽകിവരുന്നത്. ‘വിനോദയാത്ര’യുടെ വിജയം ദിലീപിനെ വീണ്ടും ഉയരങ്ങളിലെത്തിച്ചിരിക്കുകയാണ്.
ജോഷി-ദിലീപ് ടീമിന്റെ പുതിയ ചിത്രത്തിൽ യുവനായിക മംഗളയ്‌ക്ക് നായികാപ്രാധാന്യമുള്ള റോൾ. ‘ജൂലൈ 4’ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ ദിലീപിന്റെ ജോഡി റോമയാണ്. റോമയുടെ സഹോദരിയായിട്ടാണ് മംഗള ചിത്രത്തിലെത്തുന്നത്. ഗോകുൽദാസ് എന്ന ടാക്സിഡ്രൈവറെയാണ് ദിലീപ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പണക്കാരനായ വിശ്വനാഥന്റെ ഡ്രൈവറായി എത്തുന്നതോടെ ഈ ചെറുപ്പക്കാരന്റെ ജീവിതം മാറിമറിയുന്നു. ദിലീപിന്റെ മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും ഗോകുൽദാസ്.
ജയരാജിന്റെ ‘ബൈ ദി പീപ്പിളിൽ’ അരങ്ങേറ്റം കുറിച്ച മംഗളയ്‌ക്ക് ജയരാജ് ചിത്രം വേണ്ടത്ര ശ്രദ്ധ നൽകിയില്ല. ഇത് ഈ കൊച്ചിക്കാരിക്ക് തിരിച്ചടിയായി. ടെലിവിഷനിൽ അവതാരകയായി കഴിവു തെളിയിച്ച മംഗള മോഡലിംഗിലും ശ്രദ്ധപതിപ്പിച്ചുകഴിഞ്ഞു.
Generated from archived content: cinema3_apr27_07.html Author: chithra_lekha