അകലെ, ഒരിടം എന്നീ ചിത്രങ്ങൾക്കു ശേഷം എല്ലുറപ്പുളള സ്‌ത്രീ കഥാപാത്രം വീണ്ടും ഗീതുവിനെ തേടി വന്നിരിക്കയാണ്. കമലിന്റെ രാപ്പകലിൽ ഒരു എഴുത്തുകാരിയുടെ മനോവ്യാപാരങ്ങളാണ് ഗീതുവിന് പകർത്തിവെയ്‌ക്കേണ്ടത്. കാസ്‌റ്റിംഗിൽ വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറാകാത്ത കമലിന്റെ ചിത്രത്തിലെ നായികാവേഷം വെല്ലുവിളികളോടെയാണ് ഗീതു ഏറ്റെടുത്തിട്ടുളളത്.
ഈശ്വരമംഗലം കോവിലകത്തെ ഇളമുറക്കാരിയാണ് മാളു എന്ന മാളവിക. അറിയപ്പെടുന്ന എഴുത്തുകാരിയായ മാളവിക സ്വയം തിരഞ്ഞെടുത്ത ജീവിതപങ്കാളിക്കൊപ്പം ഡൽഹിയിലാണ് താമസം. എഴുത്തിന്റെ രംഗത്ത് നേട്ടങ്ങൾ കൊയ്യുന്ന മാളുവിന്റെ വിവാഹജീവിതം ഒരു പരാജയമായിരുന്നു. ആർക്കുവേണ്ടിയും തന്റെ വ്യക്തിത്വം ബലികഴിക്കാൻ തയ്യാറല്ലാത്ത മാളുവിനെ അവതരിപ്പിക്കാൻ നിരവധി താരങ്ങളെ പരിഗണിച്ചശേഷമാണ് കമൽ ഗീതുവിനെ തിരഞ്ഞെടുത്തത്.
ബുക്കർ സമ്മാനത്തിലൂടെ മലയാളിയുടെ അഭിമാനമായ അരുന്ധതിറോയിയെ മുന്നിൽ കണ്ടാണ് ടി.എ.റസാക്ക് ഗീതുവിന്റെ കഥാപാത്രത്തെ സൃഷ്‌ടിച്ചതത്രേ.
ശക്തമായ കഥാപാത്രങ്ങളെ ആത്മാർത്ഥതയോടെ ഉൾക്കൊളളുന്ന ഗീതു മമ്മൂട്ടിയുടെ നായികയാകുന്നതും ഇതാദ്യമാണ്. നയൻതാരയും ഈ ചിത്രത്തിലെ പ്രധാന താരമാണ്. ഈശ്വരമംഗലം തറവാട്ടിലെ വാല്യക്കാരിയുടെ വേഷമാണ് നയന്.
Generated from archived content: cinema3_apr21.html Author: chithra_lekha