‘ചന്ദ്രോത്സവ’ത്തിനു ശേഷം മോഹൻലാൽ – രഞ്ജിത്ത് ടീം ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഓഗസ്‌റ്റിൽ തുടങ്ങും. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ താരങ്ങളെയും അണിയറ പ്രവർത്തകരേയും മറ്റും തീരുമാനിച്ചുവരുന്നതേയുള്ളൂ.
രഞ്ജിത്തിന്റെ കന്നിസംവിധാന സംരംഭമായ ‘രാവണപ്രഭു’വിൽ മോഹൻലാലായിരുന്നു നായകൻ. അച്ഛനും മകനുമായി ഇരട്ടവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട് സൂപ്പർതാരം പ്രേക്ഷകരുടെ കൈയ്യടിയും നേടി. ആന്റിഹീറോ ഇമേജുമായി ലാൽ സ്‌ക്രീനിൽ നിറഞ്ഞ ചിത്രം വൻവിജയവുമായിരുന്നു.
എന്നാൽ പിന്നീട് ഈ ടീം ഒന്നിച്ച ‘ചന്ദ്രോത്സവ’ത്തിന് തിരിച്ചടി നേരിട്ടു. ചിത്രത്തെ പ്രേക്ഷകർ കൈവിട്ടതോടെ രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി ബ്ലാക്ക്, പ്രജാപതി എന്നിവ സംവിധാനം ചെയ്തു. ബ്ലാക്കിന്റെ വിജയം പ്രജാപതിക്ക് നേടിയെടുക്കാൻ കഴിയാതിരുന്നതോടെ രഞ്ജിത് അല്പകാലം ഈ ഫീൽഡിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. രഞ്ജിത്ത് കമ്മിറ്റ് ചെയ്ത ‘രാജമാണിക്യം’ അൻവർ റഷീദിന് കൈമാറി. ചിത്രം ഗംഭീരവിജയമായതോടെ ഈ നവാഗത സംവിധായകൻ മലയാളത്തിൽ മുൻനിരയിലുമെത്തി.
Generated from archived content: cinema2_may25_07.html Author: chithra_lekha