‘ഇരുപതാം നൂറ്റാണ്ടി’ലൂടെ പ്രേക്ഷകലക്ഷങ്ങളെ കീഴടക്കിയ കഥാപാത്രങ്ങളായ സാഗർ ഏലിയാസ് ജാക്കിയും ശേഖരൻകുട്ടിയും പുതിയ പ്രതിച്ഛായയുമായി വീണ്ടുമെത്തുന്നു. എസ്.എൻ. സ്വാമി തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥ ഒരുക്കുന്നത്. പക്ഷെ സംവിധായകൻ മാറിയിട്ടുണ്ട്. കെ. മധുവിനെ പിന്തള്ളി ഷാജി കൈലാസിനാണ് സംവിധാന ചുമതല കൈവന്നിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമക്ക് ‘ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്നാണ് പേരിട്ടിട്ടുള്ളത്.
1987ൽ പുറത്തിറങ്ങിയ ‘ഇരുപതാം നൂറ്റാണ്ടി’ലെ നായകൻ സാഗർ മോഹൻലാലിന്റെയും വില്ലൻ ശേഖരൻകുട്ടി സുരേഷ്‌ഗോപിയുടെയും കരിയറിൽ നിർണായകങ്ങളായിരുന്നു. ഇരുപതാം നൂറ്റാണ്ട് ലാലിന് സൂപ്പർതാര പരിവേഷം നൽകിയപ്പോൾ, ആദ്യമായി സ്വന്തം ശബ്ദത്തിൽ ഡയലോഗുകൾ പറഞ്ഞ സുരേഷിനെ സിനിമയിൽ ഉറപ്പിച്ചു നിർത്തി. സൂപ്പർതാര പദവിയിൽ ഇരുവരും അരങ്ങുവാഴുമ്പോഴാണ് രണ്ടാംഭാഗം വരുന്നതെന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നു.
മോഹൻലാലിനെയും സുരേഷ്‌ഗോപിയെയും നായകരാക്കി നിരവധി ഹിറ്റുകൾ നൽകിയിട്ടുള്ള ഷാജി കൈലാസിന് ഇരുവരും ഒന്നിക്കുന്ന ചിത്രം ഏറെ വെല്ലുവിളി ഉയർത്തിയേക്കും. സാഗർ ഏലിയാസ് ജാക്കിയുടെ വെടിയേറ്റ് ശേഖരൻകുട്ടി മരണമടയുന്നതായാണ് ‘ഇരുപതാം നൂറ്റാണ്ട്’ അവസാനിക്കുന്നത്. എന്നാൽ വെടിയേൽക്കുന്ന ശേഖരൻകുട്ടി മരണത്തെ അതിജീവിച്ചതായി പുതിയ ചിത്രം പറയുന്നു. തുല്യശക്തികളായി വളരുന്ന രണ്ടു കഥാപാത്രങ്ങളും തമ്മിലുള്ള കിടമത്സരം ചിത്രത്തെ സംഭവബഹുലമാക്കും.
വർഷങ്ങൾക്കു ശേഷമാണ് മോഹൻലാലും സുരേഷ്‌ഗോപിയും ഒരു ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുന്നത്. വേണു നാഗവള്ളി സംവിധാനം ചെയ്ത ‘രക്തസാക്ഷികൾ സിന്ദാബാദി’ലെ സഖാക്കളെ ഇരുവരും മനോഹരമാക്കിയിരുന്നു. ജോഷി സംവിധാനം ചെയ്യുന്ന അമ്മ ചിത്രത്തിലും ഇവർ ഒന്നിച്ചഭിനയിക്കുന്നുണ്ട്.
Generated from archived content: cinema2_may17_07.html Author: chithra_lekha