സത്യൻ അന്തിക്കാടിന്റെ ‘രസതന്ത്ര’ത്തിൽ നായിക മീരാജാസ്‌മിൻ ആൺവേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് ചലച്ചിത്ര പ്രവർത്തകർക്കിടയിൽ സംസാരവിഷയമാകുന്നു. നായകൻ മോഹൻലാലിനെക്കാളും ശ്രദ്ധിക്കപ്പെടുക മീരയായിരിക്കുമെന്നാണു പൊതുവെയുളള വിലയിരുത്തൽ. ദേശീയാംഗീകാരം നേടിയ മീരയുടെ കൈയിൽ ഈ വേഷം ഭദ്രമാണെന്നാണ് സംവിധാകൻ പറയുന്നത്. മേക്കപ്പണിഞ്ഞ് കൈലിയും ഷർട്ടുമിട്ട് പ്രത്യക്ഷപ്പെട്ട മീരയെ സെറ്റിൽ കടുത്ത ആരാധകർപോലും തിരിച്ചറിഞ്ഞില്ലത്രേ. അച്ചുവിന്റെ അമ്മയിലെ അശ്വതിക്കുശേഷം മീര മലയാളി പ്രേക്ഷകർക്കു മുന്നിൽ ‘കൺമണി’യായി എത്തുന്നത് സത്യൻ ചിത്രത്തിലൂടെ തന്നെയായത് തികച്ചും യാദൃച്ഛികം.
ചിരിയുണർത്തുന്ന രംഗങ്ങൾ സൃഷ്‌ടിക്കുന്നതിനായി മാത്രമാണ് ആദ്യകാലങ്ങളിൽ നായികമാർ ആൺവേഷം കെട്ടിയിരുന്നത്. കഥാഗതിക്ക് അനുയോജ്യമായ രീതിയിൽ നായികമാർ ആൺവേഷത്തിൽ എത്തിയിട്ടുളളത് അപൂർവം തന്നെ. ‘ദയ’യിൽ ടൈറ്റിൽ വേഷത്തിൽ പ്രത്യക്ഷപ്പെട്ട മഞ്ഞ്‌ജുവാര്യർ ആണായി രൂപം മാറി മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ചു കളഞ്ഞു. കുതിരസവാരി ചെയ്യുന്ന, പുരുഷത്തിന്റെ പ്രതിരൂപമായ മന്ത്രിയാകാൻ അഭിനയത്തിന്റെ സൂക്ഷ്‌മാംശങ്ങൾ മഞ്ഞ്‌ജു പുറത്തെടുത്തു. ക്ലൈമാക്‌സിൽ രാജകുമാരിക്കുണ്ടാകുന്ന അത്ഭുതം പ്രേക്ഷകർക്കും ഉണ്ടായി. ‘അറേബ്യൻ നൈറ്റ്‌സി’ൽ നിന്നും എം.ടി. അടർത്തിയെടുത്ത ‘ദയ’ മഞ്ഞ്‌ജുവാര്യർക്കുവേണ്ടി മാത്രം സൃഷ്‌ടിക്കപ്പെട്ടതാണെന്നു പറയാം.
‘അമ്മയാണെ സത്യം’ എന്ന കന്നിച്ചിത്രത്തിൽ ആൺവേഷം കെട്ടിയെത്തിയ ആനിയും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്‌ചവെച്ചത്. ആദ്യ പകുതിയിൽ വീട്ടുവേലക്കാരനായി പ്രത്യക്ഷപ്പെട്ട പുതുമുഖ നായിക പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. കഥയെക്കുറിച്ച് മുൻധാരണയില്ലാതിരുന്നവർ ചെറിയൊരു ഞെട്ടലോടെയാണ് നായികയുടെ രൂപമാറ്റം ഉൾക്കൊണ്ടത്. ആദ്യചിത്രത്തിൽതന്നെ പക്വമായ പ്രകടനം കാഴ്‌ചവെക്കാനായത് ആനിക്ക് അനുഗ്രഹമായി. ഷാജി കൈലാസിന്റെ ഭാര്യാപദം സ്വീകരിച്ച് സിനിമ വിടുന്നതുവരെ ആനി തിരക്കുളള നായികയായിരുന്നു.
Generated from archived content: cinema2_mar8_06.html Author: chithra_lekha