മമ്മൂട്ടിയുടെ ദിനങ്ങൾ

മമ്മൂട്ടി വീണ്ടും ‘നസ്രാണി’യായി അഭിനയിക്കുന്നു. പോത്തൻവാവയ്‌ക്കുശേഷം ജോഷി-മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രത്തിന്റെ പേരാണ്‌ ‘നസ്രാണി’. ഹൊറൈസൺ എന്റർടെയിൻമെന്റിന്റെ ബാനറിൽ എം. രാജൻ (ദോഹ) നിർമിക്കുന്ന സിനിമയിൽ മലയാളത്തിലെ പ്രമുഖ അഭിനേതാക്കളും ഏതാനും ബോളിവുഡ്‌ താരങ്ങളും അണിനിരക്കുന്നു. പ്രശസ്ത സംവിധായകൻ രഞ്ജിത്‌ തിരക്കഥയൊരുക്കുന്ന സിനിമ മധ്യതിരുവിതാംകൂറിലെ ക്രിസ്ത​‍്യൻ കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഇതൾ വിരിയുന്നത്‌. മതസൗഹാർദ്ദം പ്രമേയമായ പോത്തൻവാവയും ക്രിസ്‌ത്യൻ പശ്ചാത്തലമുള്ളതായിരുന്നു. സംഘം അടക്കം നിരവധി ജോഷി ചിത്രത്തിൽ മമ്മൂട്ടി ഇത്തരം വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്‌.

നീണ്ട ഇടവേളയ്‌ക്കുശേഷം മമ്മൂട്ടി തമിഴ്‌ സിനിമയിലും നായകനാകുന്നു. മണിരത്നത്തിന്റെ ശിഷ്യൻ കാർത്തിക്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശക്തമായ വേഷമണിഞ്ഞാണ്‌ മമ്മൂട്ടി വീണ്ടും തമിഴിലെത്തുന്നത്‌. പങ്കജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹെൻട്രി നിർമിക്കുന്ന സിനിമയുടെ രചന നിർവഹിക്കുന്നത്‌ സംവിധായകൻ തന്നെയാണ്‌. യവനിക, മറുമലർച്ചി എന്നീ മമ്മൂട്ടി ചിത്രങ്ങളുടെ നിർമാതാവാണ്‌ ഹെൻട്രി. തമിഴകത്തെ മുൻനിര സംവിധായകരായ കെ.ബാലചന്ദർ, മണിരത്നം, രാജീവ്‌ മേനോൻ എന്നിവരുടെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്‌ മമ്മൂട്ടി എന്ന നടന്റെ കരിയറിൽ നിർണായക വഴിത്തിരിവ്‌ സൃഷ്ടിച്ചിരുന്നു. അഴകൻ, ദളപതി, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്നീ സിനിമകളിൽ താരത്തിനിണങ്ങുന്ന വേഷമാണ്‌ അവർ നൽകിയത്‌.

‘വിശ്വതുളസി’യിൽ നന്ദിതാദാസിന്റെ നായകനായാണ്‌ മമ്മൂട്ടി ഒടുവിൽ തമിഴിൽ എത്തിയത്‌. യുവനായകനിര ശക്തിസാന്നിധ്യമായതോടെ തമിഴകത്ത്‌ ഭാഗ്യം പരീക്ഷിക്കാനും താരം മടിച്ചു. മാതൃഭാഷയിൽ അനുദിനം ഡിമാന്റ്‌ വർദ്ധിച്ചുവരുന്ന മമ്മൂട്ടി, അന്യഭാഷകളിൽ നിന്നും സൂക്ഷ്‌മതയോടെയാണ്‌ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്‌. മലയാളി സംവിധായകൻ കെ മധു തമിഴിൽ അരങ്ങേറ്റം കുറിച്ച ‘മൗനം സമ്മതം’ ആണ്‌ മമ്മൂട്ടിയുടെയും ആദ്യ തമിഴ്‌ചിത്രം. അമലയായിരുന്നു ഇതിലെ നായിക.

Generated from archived content: cinema2_mar30_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here