ലാൽജോസ്-ദിലീപ് ടീമിന്റെ അത്ഭുതവിളക്കിന് വീണ്ടും പേരുമാറ്റം. ‘ചാന്തുപൊട്ട്’ എന്നാണ് പുതുക്കിയ പേര്. ദിലീപ് സ്‌ത്രൈണസ്വഭാവക്കാരനായ നായകനെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഗോപികയാണ് നായിക. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പൊക്കക്കൂടുതലുളള നായികയായ ഗോപികയെ ദിലീപിന്റെ നായികയായി പ്രേക്ഷകർ സ്വീകരിക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.
നേരത്തെ പ്രിയാമണിയെയാണ് ഈ റോളിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ ‘സത്യ’ത്തിൽ പൃഥ്വിരാജിന്റെ നായികയായതോടെ പ്രിയാമണി ഈ പ്രൊജക്‌ടിൽ നിന്നും പുറത്താകുകയായിരുന്നു. ലാൽ, രാജൻ പി.ദേവ്, ഹരിശ്രീ അശോകൻ, സലിംകുമാർ തുടങ്ങി ഇരുപതോളം താരങ്ങൾ കോമഡിക്ക് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
‘തൊമ്മനും മക്കളും’ എന്ന ചിത്രത്തെ തുടർന്ന് ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന ബെന്നി പി.നായരമ്പലത്തിന്റേതാണ്.
അഴകപ്പൻ ഛായാഗ്രഹണവും വിദ്യാസാഗർ സംഗീത സംവിധാനവും നിർവഹിക്കുന്നു.
‘പട്ടാള’ത്തിനുശേഷം ലാൽ ജോസ് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ‘അത്ഭുതവിളക്ക്’. അത്ഭുതദ്വീപ് എന്ന വിനയൻ ചിത്രമാണ് ചാന്തുപൊട്ട് എന്നു പേരുമാറ്റാൻ അണിയറ പ്രവർത്തകരെ നിർബന്ധിതരാക്കിയത്.
Generated from archived content: cinema2_mar24.html Author: chithra_lekha