ലോഹിതദാസ്‌ ആനക്കഥ സിനിമയാക്കുന്നു – ജയറാമും ജയറാമിന്റെ ആനയും കഥാപാത്രങ്ങൾ

മനുഷ്യനും ആനയും തമ്മിലുളള ആത്മബന്ധത്തെ ആസ്‌പദമാക്കി ലോഹിതദാസ്‌ സിനിമ വരുന്നു. ലോഹി തന്നെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ജയറാമും ജയറാമിന്റെ ആനയുമായിരിക്കും പ്രധാന കഥാപാത്രങ്ങൾ. കൂടാതെ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കും. പഴയകാല സൂപ്പർഹിറ്റ്‌ തമിഴ്‌ ചിത്രമായ ‘നല്ല നേര’ത്തിൽ എം.ജി.ആറും ഒരു ആനയും തമ്മിലുളള അഗാധബന്ധത്തിന്റെ കഥയാണ്‌ പ്രതിപാദിച്ചിരുന്നത്‌. അത്തരത്തിൽ ഒരു സിനിമയാണ്‌ ലോഹിയും ലക്ഷ്യമിടുന്നത്‌. കഥയിൽ മാറ്റമുണ്ടാകും.‘

കാവ്യയും ജയറാമും നായികാനായകൻമാരാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണിപ്പോൾ ലോഹി. ഈ ചിത്രം തുടങ്ങുന്നതിനുമുമ്പേ ആനച്ചിത്രം ഒരുക്കാനാണ്‌ പരിപാടിയിട്ടിരുന്നത്‌. പക്ഷേ ഉത്സവ സീസൺ ആയതിനാൽ ജയറാമിന്റെ ആനയെ കിട്ടിയില്ല. ഓരോരോ ക്ഷേത്രങ്ങളിലേക്ക്‌ ആനയെ ബുക്ക്‌ ചെയ്‌തിരുന്നതിനാൽ നീണ്ട ദിവസത്തേക്ക്‌ ഷൂട്ടിംഗ്‌ പറ്റുമായിരുന്നില്ല. കാവ്യ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ കഴിഞ്ഞാലുടൻ ആനച്ചിത്രം തുടങ്ങാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.

ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകളെ ആസ്‌പദമാക്കിയുളളതാണ്‌ കാവ്യചിത്രം. ഒരു കോവിലകത്തെ പെൺകുട്ടിയുടെ ജീവിതമാണ്‌ പ്രമേയം. ഭാര്യാഭർത്താക്കൻമാർ തമ്മിൽ വലിയ സ്‌നേഹമായിരുന്നു. ക്രമേണ അവരുടെ ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉടലെടുക്കുകയും പിന്നീട്‌ വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്യുന്നു. വിവാഹബന്ധം വേർപെടുത്തിയെങ്കിലും ഭർത്താവിന്‌ ഭാര്യയെ മറക്കാനാകുന്നില്ല. അയാൾ നിരന്തരം അവളെ പിന്തുടരുന്നു.

ലോഹി ചിത്രത്തിലെ പതിവുനായികയായ മീരാജാസ്‌മിനെ ഒഴിവാക്കി ഈ സിനിമയിൽ കാവ്യയെ നിശ്ചയിച്ചത്‌ ചലച്ചിത്ര രംഗത്ത്‌ സംസാരവിഷയമായിരുന്നു. ലോഹിയും മീരയും തമ്മിൽ തെറ്റിയെന്നായിരുന്നു പ്രചാരണം. എന്നാൽ തെലുങ്കിലെ തിരക്കുമൂലം മീരയുടെ ഡേറ്റ്‌ കിട്ടിയില്ലെന്നാണ്‌ ലോഹിതദാസ്‌ പറയുന്നത്‌.

Generated from archived content: cinema2_mar22_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here