കൊച്ചുബേബി എന്നുകേട്ടാൽ മുംബൈ അധോലോകം ഞെട്ടിവിറക്കും. ജനങ്ങൾക്കു പുറമെ മുംബൈ പോലീസിനും പേടിസ്വപ്‌നമാണ് ഈ അധോലോകസാമ്രാജ്യത്തലവനെ. മുംബൈ നഗരം അടക്കിവാഴുന്ന കൊച്ചുബേബിക്ക് പെട്ടെന്ന് ജന്മനാട്ടിലേക്ക് വരേണ്ടിവന്നു. കൊച്ചുബേബിയെ കണ്ട് നാട്ടുകാർ നടുങ്ങി.
നല്ല മനുഷ്യനായി ജീവിക്കാൻ വേണ്ടി ചെറുപ്രായത്തിൽ നാടുവിട്ടതാണ് കൊച്ചുബേബി. കളളന്മാരെന്ന വിശേഷണം മാറാതെ കൊണ്ടുനടക്കുന്ന കുടുംബപാരമ്പര്യം അവസാനിപ്പിക്കുവാൻ വേണ്ടിയാണ് തിരിച്ചറിവുണ്ടായ പ്രായത്തിൽ കൊച്ചുബേബി നാടുവിട്ടത്. പക്ഷെ മുംബൈ മഹാനഗരത്തിലെത്തിച്ചേർന്ന ബേബിക്ക് നല്ലവനായി മാറാൻ കഴിഞ്ഞില്ല. അവിടത്തെ ജീവിത സാഹചര്യങ്ങൾ കൊച്ചുബേബിയെ മറ്റൊരു മനുഷ്യനാക്കി മാറ്റുകയായിരുന്നു. ചുരുങ്ങിയകാലം കൊണ്ട് മുംബൈ അധോലോക സാമ്രാജ്യത്തിലെ ഉന്നത സ്ഥാനത്ത് കൊച്ചുബേബി എത്തിച്ചേർന്നു. പോലീസുകാരെയും ജനങ്ങളെയും വിറപ്പിക്കുന്ന കൊച്ചുബേബി ഇപ്പോൾ നാട്ടിലെത്തിയിരിക്കുന്നത് ഒരു രക്ഷകന്റെ ദൗത്യവുമായാണ്. പക്ഷെ എതിരാളികളും അതിശക്തന്മാരായിരുന്നു. അതുകൊണ്ടുതന്നെ കൊച്ചുബേബിയുടെ ശ്രമങ്ങൾ അത്ര എളുപ്പമുളളതായിരുന്നില്ല. എങ്കിലും തോറ്റുപിന്മാറുക കൊച്ചുബേബിക്ക് ചിന്തിക്കാൻ പോലുമായിരുന്നില്ല. മുംബൈ നഗരത്തിൽ നിന്നുപിഴയ്‌ക്കാൻ തന്റേതായ ചില കർമ്മപദ്ധതികൾക്ക് തുടക്കമിട്ടതുപോലെ കൊച്ചുബേബി ജന്മനാട്ടിലും പുതിയൊരു പോരാട്ടത്തിന് ആരംഭം കുറിച്ചു.
‘വജ്ര’ത്തിനുശേഷം പ്രമോദ് പപ്പൻ സംവിധാനം നിർവഹിക്കുന്ന ‘തസ്‌കരവീരനി’ലാണ് മമ്മൂട്ടി കൊച്ചുബേബി എന്ന വ്യത്യസ്‌ത കഥാപാത്രത്തിന് ജീവൻ പകരുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. പഴയകാല നായിക ഷീലയെ കൂടാതെ ഇന്നസെന്റ്, രാജൻ പി.ദേവ്, സലിംകുമാർ, റിയാസ്‌ഖാൻ, സിദ്ധിക്, കുഞ്ചൻ, മോഹൻജോസ് തുടങ്ങിയവരും വേഷമിടുന്നു.
രസിക എന്റർടെയിൻമെന്റിന്റെ ബാനറിൽ വിന്ധ്യൻ, ദിനൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘തസ്‌കരവീര’ന്റെ കഥ ആന്റണി ഈസ്‌റ്റ്‌മാന്റേതാണ്. തിരക്കഥയും സംഭാഷണവും ഡെന്നീസ് ജോസഫ് രചിക്കുന്നു.
Generated from archived content: cinema2_mar16.html Author: chithra_lekha