ലോഹിതദാസ് മെനഞ്ഞെടുത്ത ജീവസുറ്റ കഥാപാത്രങ്ങൾ മമ്മൂട്ടിയുടെ അഭിനയജീവിതത്തിൽ നാഴികക്കല്ലുകളാണ്. ലോഹിയുടെ അരങ്ങേറ്റ ചിത്രമായ ‘തനിയാവർത്തന’ത്തിലെ ബാലൻ മാഷ് മുതൽ ‘അരയന്നങ്ങളുടെ വീട്ടി’ലെ രവിവരെ മമ്മൂട്ടിയിലെ അഭിനേതാവിനെ ചൂഷണം ചെയ്‌ത വേഷങ്ങളാണ്. നീണ്ട ഇടവേളക്കുശേഷം ലോഹിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. ദിലീപ്-മീരാജാസ്‌മിൻ ജോഡി അണിനിരക്കുന്ന ചിത്രത്തിനുശേഷം ലോഹി മമ്മൂട്ടി ചിത്രത്തിലേക്ക് കടക്കും.
കഥാചർച്ചകൾ നടക്കുന്ന മമ്മൂട്ടി-ലോഹി ചിത്രത്തെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ലോഹി കടന്നുവന്നത് മമ്മൂട്ടി ചിത്രങ്ങളിലൂടെയാണെന്നത് പ്രത്യേക പരാമർശം അർഹിക്കുന്നു. സംവിധായക മേലങ്കി അണിഞ്ഞ ‘ഭൂതക്കണ്ണാടി’യിലെ പ്രധാന ആകർഷണം മമ്മൂട്ടിയുടെ അഭിനയ മികവായിരുന്നു. അമരം, വാത്സല്യം, കൗരവർ തുടങ്ങിയ സൂപ്പർതാരത്തിന്റെ ഹിറ്റ് ചിത്രങ്ങൾ രൂപപ്പെടുത്തിയത് ലോഹിയാണ്.
ഹരിഹരന്റെ ‘പയ്യംപളളി ചന്തു’ ആണ് മമ്മൂട്ടിയുടെ വരുംകാല ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയം. വളരെ നാളുകൾക്കുശേഷം എം.ടി. വാസുദേവൻനായർ തിരക്കഥ രചിക്കുന്ന ഈ വടക്കൻപാട്ട് ചിത്രത്തിനുവേണ്ടി തുടർച്ചയായ 100 ദിവസമാണ് മമ്മൂട്ടി നൽകിയിരിക്കുന്നത്. താരനിർണയം പുരോഗമിക്കുന്നു.
Generated from archived content: cinema2_june7_06.html Author: chithra_lekha