‘മഹാസമുദ്ര’ത്തിൽ ഇസഹാക്ക് എന്ന മുക്കുവ യുവാവിനെ അവതരിപ്പിച്ചശേഷം അനുഗൃഹീത നടൻ മോഹൻലാൽ കുടിയേറുന്നത് എൺപതുകാരന്റെ ദൈന്യതയിലേക്ക്. പി.ടി.കുഞ്ഞുമുഹമ്മദിന്റെ ‘പരദേശി’യുടെ സെറ്റിൽ 18-ന് ലാൽ ജോയിൻ ചെയ്യും. ജനിച്ചുവളർന്ന നാട്ടിൽ പരദേശിയായി ജീവിക്കേണ്ടിവരുന്ന വലിയകത്തു മൂസ എന്ന വൃദ്ധന്റെ ആത്മദുഃഖങ്ങളാണ് സൂപ്പർതാരം ഇനി നെഞ്ചിലേറ്റുക. നാലു ഘട്ടങ്ങളിലുളള കഥാപാത്രത്തിന്റെ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്നത് ലാലിനെ പോലൊരു അഭിനേതാവിന് വെല്ലുവിളിയല്ലെങ്കിലും മേക്കപ്പിലും മറ്റും ഏറെ ശ്രദ്ധിക്കേണ്ടിവരും. 35, 50, 65, 80 വയസ്സുകളിലായി കഥാപാത്രത്തിന്റെ യൗവനം മുതൽ വാർധക്യം വരെ ആവിഷ്‌കരിക്കേണ്ടതുണ്ട്.
മമ്മൂട്ടി കൈയൊഴിഞ്ഞ വേഷമാണ് മോഹൻലാൽ കൈയേൽക്കുന്നത്. വൃദ്ധ കഥാപാത്രമാകാനുളള മടികൊണ്ടാണ് മമ്മൂട്ടി ‘പരദേശി’യെ തഴഞ്ഞതെന്നും വാർത്തകളുണ്ട്.
ഭദ്രന്റെ ‘ഉടയോൻ’ എന്ന ചിത്രത്തിലാണ് ലാൽ ഒടുവിൽ വൃദ്ധനായി പ്രേക്ഷകർക്കു മുന്നിലെത്തിയത്. അച്‌ഛനും മകനുമായി ഇരട്ടവേഷമായിരുന്നു ചിത്രത്തിലേത്.
Generated from archived content: cinema2_june16_06.html Author: chithra_lekha