മമ്മൂട്ടി-റോഷൻ ആൻഡ്രൂസ് -സഞ്ജയ് ബോബി ടീം ഒന്നിക്കുന്ന സിനിമയുടെ രചനാ ജോലികൾ തുടങ്ങി. കഥയുടെ കാര്യത്തിൽ തീരുമാനമായെങ്കിലും ഷൂട്ടിംഗ് വൈകിയേ തുടങ്ങൂ. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിനുശേഷം തിരക്കഥ എഴുതിത്തുടങ്ങുമെന്ന് സഞ്ജയ്-ബോബി ജോഡി പറയുന്നു.
മോഹൻലാൽ നായകനായ ‘ഉദയനാണ് താരം’, പുതുമുഖങ്ങളെ അണിനിരത്തിയ ‘നോട്ട് ബുക്ക്’ എന്നിവയിലൂടെ ശക്തി തെളിയിച്ച റോഷൻ ആൻഡ്രൂസ് മമ്മൂട്ടിയുമായി ഒന്നിക്കുന്നത് ചലച്ചിത്ര വൃത്തങ്ങളിൽ വാർത്തയായിക്കഴിഞ്ഞു. ‘നോട്ട് ബുക്ക്’ രചിച്ച സഞ്ജയ്-ബോബി ടീം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി തിരക്കഥ രചിക്കുന്നതിനും വാർത്താപ്രാധാന്യമുണ്ട്. ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിബിമലയിൽ ചിത്രത്തിലൂടെ സിനിമാ പ്രവേശം നടത്തിയ തിരക്കഥാകൃത്തുക്കൾ ടെലിവിഷൻ രംഗത്താണ് ഹരിശ്രീ കുറിച്ചത്. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത ‘അവസ്ഥാന്തരങ്ങൾ’ എന്ന സീരിയലിന്റെ തിരക്കഥ എൻ. മോഹനന്റെ ഇതേ പേരിലുള്ള കഥയെ അടിസ്ഥാനമാക്കിയാണ് സഹോദരങ്ങൾ കൂടിയായ സഞ്ജയും ബോബിയും പൂർത്തിയാക്കിയത്. നടനും നിർമ്മാതാവുമായ പ്രേംപ്രകാശിന്റെ മക്കളാണിവർ.
Generated from archived content: cinema2_july6_07.html Author: chithra_lekha