മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ ഒന്നിക്കുന്നു എന്ന നിലയിൽ ശ്രദ്ധേയമായ ‘സ്വപ്നമാളിക’യിൽ മീരാജാസ്മിൻ നായികയാവുന്നു. വിശ്വവിഖ്യാതനായ അലോഷ്യസ് സേവ്യർ എന്ന മജീഷ്യനായി ലാൽ പ്രത്യക്ഷപ്പെടുന്ന സിനിമയിൽ റോസ് എന്ന സഹായിയുടെ വേഷമാണ് മീരയ്‌ക്ക്. ലാലിന്റെയടുത്ത് മാജിക് പഠിക്കാനെത്തുന്ന ജോൺ എന്ന കഥാപാത്രമായി പൃഥ്വി വേഷമിടുന്നു. കരിമ്പിൻ ഫിലിംസിന്റെ ബാനറിൽ ദേവരാജൻ സംവിധാനം ചെയ്യുന്ന ‘സ്വപ്നമാളിക’യിൽ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് സൂപ്പർതാരം മോഹൻലാൽ എത്തുക.
മൂന്നാം പ്രാവശ്യമാണ് മോഹൻലാൽ-മീരാജാസ്മിൻ ജോഡി ഒന്നിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ ‘രസതന്ത്ര’ത്തിൽ തരംഗമുണർത്തിയ ഇവർ സത്യന്റെ പുതിയ ചിത്രത്തിലും നായികാനായകന്മാരാകുന്നുണ്ട്. ഇതിനുശേഷമായിരിക്കും ‘സ്വപ്നമാളിക’യുടെ സെറ്റിൽ ഈ ജോഡി ഒന്നുചേരുക. ലാൽ, മീര, പൃഥ്വി എന്നിങ്ങനെ മലയാളത്തിന്റെ വിലയേറിയ താരങ്ങൾ ഒന്നിക്കുന്നത് ഈ പ്രോജക്ടിനെ വ്യത്യസ്തമാക്കുന്നു.
Generated from archived content: cinema2_jan14_08.html Author: chithra_lekha