‘വൈഡൂര്യ’ത്തിൽ കാവ്യക്ക്‌ അമ്മവേഷം

വിവാദ ചിത്രമായ ‘ബോയ്‌ഫ്രണ്ടി’നു ശേഷം വിനയൻ ഒരുക്കുന്ന ‘വൈഡൂര്യ’ത്തിൽ കാവ്യാ മാധവൻ അമ്മ വേഷമണിയുന്നു. തെരുവുബാലന്റെ അമ്മയായി കഥയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന വേഷമാണ്‌ കാവ്യക്കിതിൽ. ജയസൂര്യ നായകനായി അഭിനയിക്കുന്ന ഈ സിനിമയിലും പുതുമകൾ നിറച്ച്‌ പ്രേക്ഷകരെ കയ്യിലെടുക്കാനാണ്‌ വിനയന്റെ തീരുമാനം. യുവനായകരുടെ ജോഡിയായി പ്രത്യക്ഷപ്പെടുന്ന കാവ്യയെ അമ്മവേഷം കെട്ടിക്കുന്നതും ഇതിന്റെ ഭാഗമാണത്രേ.

അക്‌ബർ-ജോസ്‌ ഇരട്ടകൾ സംവിധാനം ചെയ്‌ത ‘സദാനന്ദന്റെ സമയം’ ആണ്‌ കാവ്യ ആദ്യമായി അമ്മവേഷമണിഞ്ഞ ചിത്രം. ദിലീപ്‌ നായകനായ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. ഇതേത്തുടർന്ന്‌ കാവ്യ അമ്മറോളുകളെ ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നു. പ്രേക്ഷകർ തന്നെ അമ്മവേഷത്തിൽ ഉൾക്കൊളളില്ലെന്ന്‌ അഭിമുഖങ്ങളിലും നടി ആവർത്തിച്ചിരുന്നു. വിനയന്റെ ചിത്രം വെല്ലുവിളിയായിട്ടാണ്‌ കാവ്യ എടുത്തിട്ടുളളതെന്നറിയുന്നു. കമലിന്റെ ‘പെരുമഴക്കാല’ത്തിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയെടുത്ത ആത്മവിശ്വാസവും അമ്മവേഷം കെട്ടാൻ കാവ്യക്ക്‌ പ്രചോദനമായിരിക്കുകയാണ്‌. ഗോകുലം ഗ്രൂപ്പിന്റെ ആദ്യ സിനിമാ സംരംഭമായ ‘വൈഡൂര്യ’ത്തിന്റെ അണിയറ പ്രവർത്തനങ്ങൾ സജീവമായിക്കഴിഞ്ഞു. വിനയനെതിരെ താരസംഘടനയുടെ വിലക്കുണ്ടായാൽ ചിത്രീകരണം നീണ്ടുപോയേക്കും. എന്നാൽ വിവാദം ‘ചായക്കോപ്പയിലെ കൊടുങ്കാറ്റ്‌’ മാത്രമാണെന്നും ‘വൈഡൂര്യ’ത്തിന്റെ ചിത്രീകരണം തടസ്സപ്പെടില്ലെന്നും ചലച്ചിത്ര വൃത്തങ്ങൾ അടക്കം പറഞ്ഞു തുടങ്ങിയിട്ടുണ്ട്‌.

പുതിയ ചിത്രമായ ‘ലയണി’ലും കാവ്യക്ക്‌ ഇരുത്തം വന്ന വേഷമാണ്‌. ദിലീപ്‌ നായകനാകുന്ന ‘ലയണി’ൽ സ്‌കൂൾ അധ്യാപികയായാണ്‌ കാവ്യ എത്തുന്നത്‌.

Generated from archived content: cinema2_dec28_05.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here