യുവനായിക കാവ്യാ മാധവൻ മമ്മൂട്ടിയുടെ നായികയാകുന്നു. തുടർച്ചയായി രണ്ടു സിനിമകളിലാണ് കാവ്യ സൂപ്പർതാരത്തിന്റെ ജോഡിയാകുന്നത്. ജോഷി-രഞ്ജിത് ടീമിന്റെ ‘നസ്രാണി’, കെ.കെ.രാജീവിന്റെ ചിത്രം എന്നിവയിലാണ് മലയാളത്തിലെ നമ്പർ വൺ നായകനും നായികയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടെലിവിഷൻ സീരിയൽ രംഗത്ത് ശക്തി തെളിയിച്ച കെ.കെ. രാജീവിന്റെ കന്നിചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യാവേഷമാണ് കാവ്യയ്‌ക്ക്. ‘നസ്രാണി’യിലെ റോളിനും തുല്യപ്രാധാന്യമുണ്ട്. മായാവി, തുറുപ്പുഗുലാൻ, രാപ്പകൽ എന്നിങ്ങനെ നിരവധി മമ്മൂട്ടി ചിത്രങ്ങളിൽ കാവ്യയെ ജോഡിയായി പരിഗണിച്ചിരുന്നു. എന്നാൽ ഇവയെല്ലാം നായിക നിരാകരിക്കുകയായിരുന്നു.
മമ്മൂട്ടിക്കൊപ്പം ‘അഴകിയ രാവണ’നിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ട കാവ്യ നായികനിരയിൽ ഇടംപിടിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജോഡിയാകാനുള്ള ക്ഷണം തന്ത്രപൂർവം കാവ്യ ഒഴിവാക്കിയത് സിനിമാരംഗത്ത് ചർച്ചാവിഷയമായിരുന്നു. എന്തായാലും പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമാകുകയാണ്. ഭൂതക്കണ്ണാടി, ഒരാൾ മാത്രം, രാക്ഷസരാജാവ്, അപരിചിതൻ എന്നീ മമ്മൂട്ടി ചിത്രങ്ങളിലും കാവ്യ അഭിനയിച്ചിരുന്നു.
ബാലതാരമായി വേഷമിട്ട ഒന്നിലധികം പേർ പിന്നീട് മമ്മൂട്ടിയുടെ നായികമാരായി തിളങ്ങിയിട്ടുണ്ട്. ‘ആരാത്രി’ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച അഞ്ജു ‘കൗരവർ’, ‘നീലഗിരി’ എന്നീ മമ്മൂട്ടി ചിത്രങ്ങളിൽ നായികയായി തിളങ്ങുകയുണ്ടായി. മമ്മൂട്ടിയുടെ മകളായി രണ്ടു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ഗീതു മോഹൻദാസ് ‘രാപ്പകലി’ൽ കാമുകീവേഷത്തിലെത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Generated from archived content: cinema2_apr18_07.html Author: chithra_lekha