കരിയറിലെ ശക്തമായ കഥാപാത്രം പ്രേക്ഷകർ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് മീരാ ജാസ്മിൻ. സങ്കീർണമായ ജീവിതമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ദീപ്തിയെ ആർജവത്തോടെയാണ് മീര ഉൾക്കൊണ്ടിരിക്കുന്നത്. അന്യപുരുഷനോട് പ്രണയം തോന്നുന്ന ഭർതൃമതിയായ യുവതിയുടെ മാനസികാവസ്ഥ പ്രേക്ഷകരുമായി പങ്കുവെക്കുന്നതിൽ മീര വിജയിച്ചിരിക്കുകയാണ്. ഒരു മുൻനിര നായികയെ സംബന്ധിച്ച് വെല്ലുവിളി ഉയർത്തുന്ന റോൾ.
മമ്മൂട്ടിയുമൊത്തുള്ള കോമ്പിനേഷൻ സീനുകളിൽ മീരയുടെ പ്രകടനം ശ്രദ്ധേയമാണ്. സീനിയർ നടനായ മമ്മൂട്ടിയുടെ നായികയായി മീരയെ കാസ്‌റ്റ് ചെയ്തപ്പോൾ, ഈ ജോഡിചേരൽ എത്രത്തോളം പ്രേക്ഷകർ ഉൾക്കൊള്ളുമെന്ന കാര്യത്തിൽ സംവിധായകനടക്കമുള്ളവർക്ക് സംശയമുണ്ടായിരുന്നു. ‘ഒരേ കടൽ’ മീരക്ക് വീണ്ടും ദേശീയ അവാർഡ് നേടിക്കൊടുക്കുമെന്നും സംസാരമുയർന്നിട്ടുണ്ട്.
പതിവുതെറ്റിക്കാതെ ഇക്കുറിയും ശ്യാമപ്രസാദ് സാഹിത്യകൃതിക്കു തന്നെയാണ് ദൃശ്യവ്യാഖ്യാനം നൽകിയിരിക്കുന്നത്. സുനിൽ ഗംഗോപാധ്യായയുടെ ‘ഹീരക് ദീപിതി’യെ അധികരിച്ചാണ് ശ്യാം ‘ഒരേ കടൽ’ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങളും ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഔസേപ്പച്ചൻ ഈണം പകർന്ന ഗാനങ്ങളെല്ലാം ശുഭപന്തുവരാളി രാഗത്തിലധിഷ്‌ഠിതമാണ്. ബോംബെ ജയശ്രീ പാടിയ ഭാവാർദ്രമായ ഗാനം വേറിട്ടുനിൽക്കുന്നു.
Generated from archived content: cinema1_sept7_07.html Author: chithra_lekha