നീണ്ട ഇടവേളയ്‌ക്കുശേഷം ഇന്നസെന്റ് നായക വേഷം കെട്ടുന്നു. ജയരാജിന്റെ അസോസിയേറ്റായ ജി. ജോർജിന്റെ കന്നി സംവിധാന സംരംഭത്തിലാണ് ഇന്നച്ചൻ ഉടനീളം നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാകുന്നത്. എഴുപതുകാരനായ കോരസായിപ്പ് ഇന്നസെന്റിന്റെ കരിയറിൽ വഴിത്തിരിവായേക്കും. മനോജ് കെ.ജയൻ, സായ്‌കുമാർ, സൈജു കുറുപ്പ്, ജഗതിശ്രീകുമാർ, സലിംകുമാർ, സാദിക്, അനൂപ് ചന്ദ്രൻ, ബിജുക്കുട്ടൻ, കെ.പി.എ.സി ലളിത എന്നിവരണിനിരക്കുന്ന സിനിമയിൽ മാനസ നായികയാവുന്നു.
ഡോ. പശുപതിയിൽ ടൈറ്റിൽ വേഷം അവതരിപ്പിച്ചാണ് ഇന്നസെന്റ് നായകനിരയിലെത്തിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. തുടർന്ന് ഗജകേസരിയോഗം, അപൂർവ്വം ചിലർ എന്നീ ചിത്രങ്ങളിലും നായകതുല്യമായ റോളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കരിയറിൽ ഒരു കാലത്തും ഇളക്കം തട്ടാത്ത അപൂർവ്വം നടന്മാരിൽ ഒരാളാണ് ഇന്നസെന്റ്. സത്യൻ അന്തിക്കാട് തുടങ്ങിയ മുൻനിര സംവിധായകർക്ക് ഈ നടനെ ഒഴിവാക്കി ചിത്രമൊരുക്കുക ദുഷ്‌കരമാണത്രെ.
Generated from archived content: cinema1_sept15_07.html Author: chithra_lekha