‘ചക്കരമുത്തി’ൽ ഭാഗ്യം തേടുന്ന യുവനായകർ

ലോഹിതദാസ്‌ സംവിധാനം ചെയ്യുന്ന ദിലീപ്‌ ചിത്രം ‘ചക്കരമുത്തി’ലൂടെ ശക്തമായ തിരിച്ചുവരവിന്‌ ഒരുങ്ങുകയാണ്‌ യുവനായകരായ ജിഷ്‌ണുവും ശരത്തും. ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ജിഷ്‌ണുവിനും ടെലിവിഷൻ തട്ടകമാക്കിയ ശരത്തിനും തന്റെ സിനിമയിൽ പ്രധാന വേഷങ്ങളാണ്‌ ലോഹിതദാസ്‌ നൽകിയിട്ടുളളത്‌. ഗ്രാമീണ പശ്ചാത്തലത്തിൽ ഇതൾവിരിയുന്ന ചിത്രത്തിൽ കാവ്യാമാധവനാണ്‌ നായിക.

നവാസ്‌, മഹേഷ്‌ എന്നിവരെയും മികച്ച കഥാപാത്രങ്ങളെ നൽകി ലോഹി സിനിമയിൽ തിരിച്ചുകൊണ്ടുവരുന്നുണ്ട്‌. മിമിക്രി പരിപാടികളുമായി ഒതുങ്ങിക്കൂടുന്ന നവാസ്‌ ദിലീപിന്റെ സുഹൃത്തായി ചിത്രത്തിലെത്തുന്നു. ‘ചന്ദാമാമ’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട നവാസ്‌ വിവാഹശേഷം സിനിമയിൽ സജീവമായില്ല. നടി രഹ്‌നയാണ്‌ നവാസിന്റെ ജീവിതസഖി.

സിബിമലയിലിന്റെ ‘മുദ്ര’യിൽ ബാലതാരമായി രംഗത്തെത്തിയ മഹേഷ്‌ ഐ.വി.ശശിയുടെ ‘മൃഗയ’യിലൂടെയാണ്‌ പ്രശസ്‌തി നേടിയത്‌. ‘സദയം’ അടക്കമുളള മികച്ച ചിത്രങ്ങളും ക്രെഡിറ്റിലുണ്ട്‌. രണ്ടാം വരവിൽ മികച്ച വേഷങ്ങളാണ്‌ തേടുന്നത്‌.

ഷാജി.എൻ.കരുൺ ‘സ്വം’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത്‌ എത്തിച്ച ശരത്‌ ചുരുങ്ങിയ കാലയളവിനുളളിൽ ഹരിഹരൻ, കമൽ, സിബിമലയിൽ തുടങ്ങിയ പ്രശസ്‌തർക്കൊപ്പം സഹകരിച്ചു. പിന്നീട്‌ സീരിയലുകളിൽ സജീവമാകുകയായിരുന്നു. ‘അച്ചുവിന്റെ അമ്മ’യിൽ നരേന്‌ ശബ്‌ദം കടംകൊടുത്ത്‌ മികച്ച ശബ്‌ദതാരത്തിനുളള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി.

കമൽ ‘നമ്മളി’ൽ ഇരട്ടനായകന്മാരിൽ ഒരാളായി അവതരിപ്പിച്ച ജിഷ്‌ണുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്‌ ‘പറയാം’ എന്ന സിനിമയായിരുന്നു.

ലോഹിയുടെ ‘ചക്കരമുത്തി’ൽ സ്‌ത്രീകളുടെ വസ്‌ത്രങ്ങൾ തുന്നുന്നതിൽ നിപുണനായ അരവിന്ദനെയാണ്‌ നായകൻ ദിലീപ്‌ അവതരിപ്പിക്കുന്നത്‌. കെട്ടിലും മട്ടിലും പുതുമയുളള കഥാപാത്രമാണ്‌ അരവിന്ദൻ.

Generated from archived content: cinema1_oct05_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here